അപരിചിത സന്ദേശങ്ങളും ലിങ്കുകളും കെണികളാവാം: യു.എ.ഇ സുരക്ഷാ വകുപ്പ്
അബൂദബി: അപരിചിതമായ സന്ദേശങ്ങളിലും ലിങ്കുകളിലും വീഴരുതെന്നും, അവ ഇരകളെ ചൂഷണം ചെയ്യാനായി ഒരുക്കുന്ന കെണികളാകാമെന്നും മുന്നറിയിപ്പ് നല്‍കി യു.എ.ഇ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപാര്‍ട്ട്‌മെന്റ് (എസ്.എസ്.ഡി) അധികൃതര്‍.
ഡിജിറ്റല്‍ ഇടങ്ങളിലെ ചതിക്കുഴികള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് ശക്തമായ സന്ദേശം നല്‍കവെയാണ്, ഇക്കാര്യം വ്യക്തമാക്കിയത്.
വ്യക്തിഗത സുരക്ഷയ്ക്കും സമൂഹത്തിന്റെ സുസ്ഥിതിക്കും ഡിജിറ്റല്‍ ബോധവല്‍ക്കരണം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ സുരക്ഷാ വകുപ്പ്, ഓണ്‍ലൈന്‍ ഭീഷണികളെയും ബ്ലാക്ക്‌മെയിലിങ്ങിനെയും പ്രതിരോധിക്കാന്‍ ''ഡിജിറ്റല്‍ അവബോധം ഒരു കവചമായി'' ഉപയോഗിക്കണമെന്നും ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ അറിയിച്ചു.
ഏതെങ്കിലും തരത്തിലുള്ള ബ്ലാക്ക്‌മെയിലിങ്ങിന് ഇരയായാല്‍ ഭയപ്പെടാതെ ഉടന്‍ തന്നെ ബന്ധപ്പെട്ട സുരക്ഷാ ഏജന്‍സികളെ വിവരമറിയിക്കണം. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ പൊതുജനങ്ങളുടെ ജാഗ്രതയും സഹകരണവും അത്യാവശ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ആളുകളെ ഭീഷണിപ്പെടുത്തുന്നവര്‍ക്കും പണം തട്ടാന്‍ ശ്രമിക്കുന്നവര്‍ക്കും കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. വിവര സാങ്കേതിക വിദ്യയോ, ഇന്റര്‍നെറ്റ് ശൃംഖലയോ ഉപയോഗിച്ച് ഒരാളെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയോ അനാവശ്യ കാര്യങ്ങള്‍ക്കായി നിര്‍ബന്ധിക്കുകയോ ചെയ്യുന്നത് തെളിയിക്കപ്പെട്ടാല്‍ രണ്ട് വര്‍ഷം വരെ തടവും 2.5 ലക്ഷം മുതല്‍ 5 ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കാം. എന്നാല്‍, ഭീഷണി ഒരു കുറ്റകൃത്യം ചെയ്യുന്നതിനോ വ്യക്തിയുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമേല്‍പ്പിക്കുന്ന രീതിയിലോ ആണെങ്കില്‍ ശിക്ഷയുടെ കാഠിന്യം കൂടും. ഇത്തരം സാഹചര്യങ്ങളില്‍ 10 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. ഓണ്‍ലൈന്‍ ഇടങ്ങളില്‍ എപ്പോഴും ജാഗ്രത പാലിക്കണമെന്നും സംശയാസ്പദ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ബന്ധപ്പെട്ടവര്‍ ഉപദേശിച്ചു.
UAE State Security authorities have warned the public against suspicious messages, cautioning that such communications may be traps designed to exploit victims.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."