മലപ്പുറത്ത് സിനിമാ മോഡൽ മോഷണം: അയൽവാസിയുടെ ഏണി വഴി രണ്ടാം നിലയിലെത്തി ഡോക്ടറുടെ മാല കവർന്നു
മലപ്പുറം: കരുളായി പള്ളിക്കുന്നിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന യുവതിയുടെ മാല കവർന്നു. പള്ളിക്കുന്ന് സ്വദേശി അഷ്റഫിന്റെ മകൾ ഡോ. ഷംനയുടെ മൂന്ന് ഗ്രാം തൂക്കം വരുന്ന മാലയാണ് മോഷണം പോയത്. ഞായറാഴ്ച (ജനുവരി 12) പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
മോഷണം നടന്നത് ഇങ്ങനെ
അയൽവാസിയുടെ വീട്ടിലിരുന്ന ഏണി (കോണി) എടുത്തു കൊണ്ടുവന്നാണ് മോഷ്ടാവ് അഷ്റഫിന്റെ വീടിന്റെ രണ്ടാം നിലയിലേക്ക് കയറിയത്. ബാൽക്കണിയിലെ വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാവ് ഡോ. ഷംന ഉറങ്ങിക്കിടന്ന മുറിയിലെത്തി കഴുത്തിൽ നിന്നും മാല പൊട്ടിക്കുകയായിരുന്നു.
മുറിക്കുള്ളിൽ ശബ്ദം കേട്ട് ഷംന ഉണർന്നതോടെ മോഷ്ടാവ് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. മുറിക്കുള്ളിലെ അലമാരയിലെ തുണികളെല്ലാം വലിച്ചിട്ട നിലയിലായിരുന്നു.മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ മുഖം വ്യക്തമല്ലാത്തതിനാൽ പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. വീട്ടുകാർ ഈ ദൃശ്യങ്ങൾ പൊലിസിന് കൈമാറി.
ഭയന്നുപോയെന്ന് ഡോ. ഷംന
"മുറിക്കുള്ളിൽ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. ആരോ മുറിയിലുണ്ടെന്ന് മനസ്സിലായതോടെ വല്ലാതെ ഭയന്നുപോയി. ഞാൻ ഉണർന്നുവെന്ന് കണ്ടതോടെ മോഷ്ടാവ് വേഗത്തിൽ പുറത്തേക്ക് ഓടി. ഉടൻ തന്നെ വീട്ടുകാരെ വിളിച്ച് വിവരം പറയുകയായിരുന്നു," ഡോ. ഷംന പറഞ്ഞു.
പൊലിസ് അന്വേഷണം ഊർജ്ജിതം
വിവരമറിഞ്ഞ ഉടൻ പൂക്കോട്ടുംപാടം പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ കൂറ്റമ്പാറ, വലമ്പുറം ഭാഗങ്ങളിലും സമാനമായ രീതിയിൽ മോഷണശ്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരേ സംഘമാണോ ഇത്തരം മോഷണങ്ങൾക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പ്രദേശത്തെ മറ്റ് സിസിടിവി ദൃശ്യങ്ങളും പൊലിസ് ശേഖരിച്ചു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."