സംഭലില്‍ മുസ്‌ലിംകളെ വെടിവച്ചുകൊലപ്പെടുത്തിയതില്‍ വിവാദ പൊലിസ് മേധാവിക്ക് കനത്ത തിരിച്ചടി; എഫ്.ഐ.ആര്‍ രജിസ്റ്റര്‍ചെയ്ത് അന്വേഷണത്തിന് ഉത്തരവ്
ലഖ്‌നൗ: ബാബരി മസ്ജിദ് മാതൃകയില്‍ സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഉത്തര്‍പ്രദേശിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംഭല്‍ ഷാഹി മസ്ജിദില്‍ നടന്ന സര്‍വേയ്ക്കിടെ മുസ്ലിംകള്‍ക്ക് നേരെ വെടിവയ്പ്പ് നടത്തിയ വിവാദ പൊലിസ് മേധാവി അനുജ് ചൗധരിയുള്‍പ്പെടെയുള്ളവര്‍ക്കെതിരേ അന്വേഷണത്തിന് ഉത്തരവ്. സംഭവം നടക്കുമ്പോള്‍ സംഭലില്‍ സര്‍ക്കിള്‍ ഓഫിസര്‍ (CO) ചുമതലയുണ്ടായിരുന്ന അനുജ് ചൗധരിയും മുന്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ (SHO) അനുജ് തോമറും ഉള്‍പ്പെടെയുള്ള 12 പൊലിസ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചന്ദൗസി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (CJM) കോടതിയാണ് ഉത്തരവിട്ടത്. വെടിവയ്പ്പില്‍ കൊല്ലപ്പെട്ട കൗമാരക്കാരന്‍ ആലമിന്റെ മാതാവ് യമീന്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.
അയോധ്യയിലെ ബാബരി മസ്ജിദിന് മുമ്പ് തന്നെ നിര്‍മിച്ച ഷാഹി മസ്ജിദിന് സമീപം 2024 നവംബര്‍ 24നാണ് വെടിവയ്പ്പ് നടന്നത്. പള്ളി നിലനിന്നിരുന്ന സ്ഥാനത്ത് മുമ്പ് ക്ഷേത്രമായിരുന്നുവെന്നും അത് തകര്‍ത്താണ് പള്ളി സ്ഥാപിച്ചതെന്നും ആരോപിച്ചുള്ള ഹരജി പരിഗണിച്ച് സാംഭല്‍ ജില്ലാ കോടതിയാണ് അഭിഭാഷക കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ സര്‍വെ നടത്താന്‍ ഉത്തരവിട്ടിരുന്നത്. ഉത്തരവിന് തൊട്ടുപിന്നാലെ പിന്നാലെ അഭിഭാഷക കമ്മിഷണറും സംഘവും പൊലിസ് അകമ്പടിയോടെ പള്ളിയിലെത്തി സര്‍വേ നടത്തുകയായിരുന്നു. ഇതിനെതിരേ പ്രതിഷേധിച്ചവര്‍ക്ക് നേരെ വിവേചനരഹിതമായി നടത്തിയ വെടിവയ്പ്പിലാണ് അഞ്ചുപേര്‍ കൊല്ലപ്പെട്ടത്.
മകന്‍ ആലം രാവിലെ പതിവ് പോലെ പപ്പടം വില്‍ക്കാനായി വീട്ടില്‍ നിന്ന് പോയതായിരുന്നുവെന്നും എന്നാല്‍ പള്ളിക്ക് സമീപം എത്തിയപ്പോള്‍ അവനെ പൊലിസ് വെടിവച്ചുവെന്നും മൂന്ന് ബുള്ളറ്റുകളാണ് ശരീരത്തില്‍ തുളച്ചുകയറിയതെന്നുമാണ് യാമീന്‍ പരാതിപ്പെട്ടത്. ആലം ആയിരുന്നു അവന്റെ വീട്ടിലേക്കുള്ള ഏക വരുമാന മാര്‍ഗം.
സര്‍വേ നടത്തുന്നതറിഞ്ഞ് നൂറുകണക്കിന് വിശ്വാസികളാണ് പ്രദേശത്ത് തടിച്ചുകൂടിയതെന്നും ഈ സമയത്ത് പള്ളിക്ക് സമീപമുണ്ടായിരുന്ന എസ്.ഡി.എം വന്ദനമിശ്രയും അനുജ് ചൗധരിയുമാണ് സംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദിയെന്നും പള്ളി കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സഫര്‍ അലി വ്യക്തമാക്കിയിരുന്നു. ഇരുവരും മുസ്ലിംകളെ മനപ്പൂര്‍വം പ്രകോപിപ്പിച്ച് സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എസ്.ഡി.എമ്മും സി.ഐയും സംഭവസ്ഥലത്തുതടിച്ചകൂടിയ മുസ്ലിംകളെ ആക്ഷേപിക്കാനും പ്രകോപിപ്പിക്കാനും ശ്രമമിച്ചെന്നും സഫര്‍ അലി ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം, ഉത്തരവിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് സംഭല്‍ പൊലിസ് സൂപ്രണ്ട് കൃഷ്ണ ബിഷ്‌ണോയ് പറഞ്ഞു. അപ്പീല്‍ ഫയല്‍ ചെയ്യുന്നതുവരെ ഈ കേസില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍വേയ്ക്ക് എത്തിയ മജിസ്‌ട്രേറ്റും എസ്.പിയും വടി ഉപയോഗിച്ച് ആഴം അളക്കാന്‍ നിര്‍ദേശിച്ചെങ്കിലും വുദു ഖാനയില്‍ വെള്ളംവറ്റിക്കാനാണ് എസ്.ഡി.എമ്മും സി.ഐയും ശ്രമിച്ചത്. ഇതോടെ വുദുഖാനയില്‍ ചോര്‍ച്ചയുണ്ടായത് കണ്ടതിനാല്‍ പള്ളിക്കടിയില്‍ ഖനനം നടത്തുകയാണെന്ന് മുസ്ലിംകള്‍ തെറ്റിദ്ധരിച്ചതും സാഹചര്യം മോശമാകാന്‍ കാരണമായി. ഈ സമയം പ്രദേശത്ത് തടിച്ചുകൂടിയ ഹിന്ദുത്വവാദികള്‍ 'ജയ് ശ്രീറാം' വിളിച്ച് പ്രകോപനം സൃഷ്ടിച്ചെന്നും പ്രദേശവാസികള്‍ മൊഴി നല്‍കിയിരുന്നു.
സംഭവത്തെത്തുടര്‍ന്ന് പ്രദേശത്തെ മുസ്ലിംകള്‍ക്കെതിരേ വ്യാപകമായ നിയമനടപടികളാണ് ഉണ്ടായത്. കലാപം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി 12 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. സംഭല്‍ എം.പി സിയാഊറഹ്മാന്‍ ബര്‍ഖ്, എസ്.പി നേതാവും എം.എല്‍.എയുമായ ഇഖ്ബാല്‍ മഹ്മൂദിന്റെ മകന്‍ സുഹൈല്‍ ഇഖ്ബാല്‍ ഉള്‍പ്പെടെ 2,200 ഓളം പേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു.
അയോധ്യയിലെ ബാബരി മസ്ജിദിന് മുമ്പ് തന്നെ നിര്‍മിച്ച പള്ളിയാണ് സംഭലിലേത്. ബാബരി മസ്ജിദ് 1527ലാണ് നിര്‍മിച്ചതെങ്കില്‍ അതിനും ഒരുവര്‍ഷം മുമ്പാണ് സംഭാല്‍ മസ്ജിദ് നിര്‍മ്മിച്ചത്. രണ്ടും ബാബറിന്റെ കാലത്ത് പണി കഴിപ്പിച്ചപ്പോള്‍ 1656ല്‍ ഷാജഹാന്‍ ചക്രവര്‍ത്തിയുടെ കാലത്താണ് ഡല്‍ഹിയിലെ ജുമാമസ്ജിദ് നിര്‍മിച്ചത്.
വെടിവയ്പ്പിന് പിന്നാലെ ഹിന്ദുത്വവാദികള്‍ ആഘോഷിച്ച അനുജ് ചൗധരി, കഴിഞ്ഞവര്‍ഷം സംഭലില്‍ ഹോളിദിനത്തില്‍ ജുമുഅ നിസ്‌കാരം പള്ളികളില്‍ വേണ്ടെന്നും വീട്ടിനുള്ളില്‍വച്ച് മതിയെന്നും ഉത്തരവിട്ടത് വിവാദമായിരുന്നു. എല്ലാ വര്‍ഷവും 52 തവണ ജുമുഅ നിസ്‌കാരം നടക്കുന്നുണ്ടെന്നും എന്നാല്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഹോളി ആഘോഷമെന്നുമുള്ള വിചിത്ര ന്യായമായിരുന്നു ഇതിന് അനുജ് ചൗധരി ഉയര്‍ത്തിയത്. അനുജ് ചൗധരി ഇപ്പോള്‍ ഫിറോസാബാദില്‍ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലിസ് ആയും അനുജ് തോമര്‍ സാംബാലിലെ ചന്ദൗസി കോട്‌വാലിയിലെ സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ആയി പ്രവര്‍ത്തിക്കുന്നു.
Summary: A local court in Uttar Pradesh has directed the registration of an FIR against then Controversial DSP Anuj Chaudhary and several other police personnel in connection with the firing at protesters during the 2024 Sambhal violence.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."