ലഹരിക്കേസ്; പൊലിസുകാരെ കൊലപ്പെടുത്താൻ ജയിലിൽ ഗൂഢാലോചന; പിന്നിൽ റിമാൻഡ് പ്രതികൾ
കോഴിക്കോട്: വിദേശത്ത് നിന്നും ഇതരസംസ്ഥാനത്ത് നിന്നുമുൾപ്പെടെ അതിവിദഗ്ധമായി എത്തിക്കുന്ന കോടികൾ വിലമതിക്കുന്ന രാസലഹരി പിടികൂടിയതിന് പിന്നാലെ പൊലിസുകാരെ കൊലപ്പെടുത്താൻ ജയിലിൽ ഗൂഢാലോചന. കോഴിക്കോട് ജില്ലാ ജയിലിൽ രാസലഹരിക്കേസിലെ റിമാൻഡ് തടവുകാരാണ് സംഘടിച്ച് പതിവായി കേസുകൾ പിടികൂടുന്ന പൊലിസ് ഓഫിസർമാരെ വകവരുത്താൻ ഗൂഢാലോചന നടത്തിയത്. ജയിലിൽ ലഹരിക്കേസിലെ പ്രതികൾ ഒത്തുചേർന്ന് ഗൂഢാലോചന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട സഹതടവുകാർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിവരം ജയിലുദ്യോഗസ്ഥർ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറി.
ലോക്കൽ പൊലിസും ഡാൻസാഫുമാണ് കോഴിക്കോടുൾപ്പെടെയുള്ള ജില്ലകളിൽ സ്ഥിരമായി രാസലഹരി പിടികൂടുന്നത്. രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിൽ നിരന്തരമായി രാസലഹരി പിടികൂടുന്നതോടെ വിൽപനയെ പ്രതികൂലമായി ബാധിച്ചു. ലഹരി പിടികൂടുന്നതിന് പുറമേ ലഹരി വിൽപനയിലൂടെ സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടിയും പൊലിസ് സ്വീകരിക്കുന്നുണ്ട്. ഇതും ലഹരി വിൽപന സംഘത്തിനെ പ്രതികൂലമായി ബാധിച്ചതോടെയാണ് പൊലിസുദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ആസൂത്രണം നടത്തിയതെന്ന നിഗമനത്തിലാണ് രഹസ്യാന്വേഷണ വിഭാഗം. ഇക്കാര്യം വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് സ്‌റ്റേറ്റ് സ്‌പെഷൽബ്രാഞ്ചിന്റെ കോഴിക്കോട് റേഞ്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവിക്ക് കഴിഞ്ഞ ആഴ്ച കൈമാറിയിട്ടുണ്ട്. തുടർന്ന് ഇന്റലിജൻസ് മേധാവി കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണർക്ക് മുന്നറിയിപ്പ് നൽകിയതായാണ് വിവരം.
പത്രമാധ്യമങ്ങളിലൂടെ എൻ.ഡി.പി.എസ് കേസുകൾ പിടികൂടുന്ന പൊലിസുദ്യോഗസ്ഥരെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. അതിനാൽ അന്വേഷണസംഘത്തിന്റെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന നിർദേശവും പൊലിസിന് ലഭിച്ചിട്ടുണ്ട്. അതേസമയം ജയിലിൽ പൊലിസിനെതിരേ ഇത്തരത്തിൽ ഭീഷണികൾ ഉണ്ടാവുന്നതാണെന്നും ഇവ മുഖവിലക്കെടുക്കാതെ ലഹരി മാഫിയക്കെതിരേ ശക്തമായ നടപടിയുമായി മുന്നോട്ടുപോകാനുമാണ് പൊലിസിൻ്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."