the allahabad high court said that no prior permission from the government or police is required to conduct religious prayers on land or in buildings owned by private individuals or organizations.
HOME
DETAILS
MAL
സ്വകാര്യ സ്ഥലങ്ങളിൽ പ്രാർഥിക്കാൻ അനുമതി വേണ്ട: ഹൈക്കോടതി
Web Desk
February 04, 2026 | 2:48 AM
ലഖ്‌നൗ: സ്വകാര്യ വ്യക്തികളുടെയോ സംഘടനകളുടെയോ ഉടമസ്ഥതയിലുള്ള ഭൂമിയിലും കെട്ടിടത്തിലും മതപരമായ പ്രാർഥനകൾ നടത്തുന്നതിന് സർക്കാരിന്റെയോ പൊലിസിന്റെയോ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഭരണഘടനയുടെ 25ാം അനുച്ഛേദം ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ഭാഗമാണിതെന്നും കോടതി വ്യക്തമാക്കി. മാറനാഥ ഫുൾ ഗോസ്പൽ മിനിസ്ട്രീസ്, ഇമ്മാനുവൽ ഗ്രേസ് ചാരിറ്റബിൾ ട്രസ്റ്റ് എന്നീ ക്രിസ്ത്യൻ സംഘടനകൾ സമർപ്പിച്ച ഹരജികൾ പരിഗണിച്ച് ജസ്റ്റിസ് അതുൽ ശ്രീധരൻ, ജസ്റ്റിസ് സിദ്ധാർത്ഥ് നന്ദൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെതാണ് സുപ്രധാന വിധി.
തങ്ങളുടെ സ്വകാര്യ പരിസരങ്ങളിൽ പ്രാർഥനയും മതപരമായ കർമങ്ങളും നടത്തുന്നതിന് അധികൃതരെ സമീപിച്ചെങ്കിലും അനുമതി നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രിസ്ത്യൻ സംഘടനകൾ കോടതിയെ സമീപിച്ചത്. കേസിൽ വാദംകേൾക്കവെ, സ്വകാര്യ സ്ഥലത്ത് പ്രാർഥന നടത്തുന്നതിന് നിയമപരമായി തടസ്സങ്ങളില്ലെന്ന് സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചു. വിവേചനമില്ലാതെ എല്ലാ പൗരന്മാർക്കും നിയമത്തിന്റെ തുല്യ സംരക്ഷണം ഉറപ്പാക്കണമെന്നും, എന്നാൽ സ്വന്തം ഭൂമിയിൽ പ്രാർഥന നടത്തുന്നതിന് ആരുടെയും അനുവാദം തേടേണ്ടതില്ലെങ്കിലും ക്രമസമാധാനം ഉറപ്പാക്കാൻ പൊലിസിന് ബാധ്യതയുണ്ടെന്നും ബെഞ്ച് ഓർമ്മിപ്പിച്ചു.
പ്രാർഥനാ യോഗങ്ങൾ പൊതുറോഡുകളിലേക്കോ പൊതുസ്വത്തിലേക്കോ വ്യാപിക്കുന്നുണ്ടെങ്കിൽ കൃത്യമായും പൊലിസിനെ അറിയിക്കണമെന്നും ഇത്തരം സാഹചര്യങ്ങളിൽ നിയമപരമായ മുൻകൂർ അനുമതികൾ വാങ്ങിയിരിക്കണമെന്നുമുൾപ്പെടെയുള്ള ചില നിബന്ധനകൾ കോടതി മുന്നോട്ടുവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."