ശബരിമല സ്വര്‍ണക്കൊള്ള: പ്രതിപക്ഷം ഇന്നും നടുത്തളത്തില്‍; പ്ലക്കാര്‍ഡ് ഉയര്‍ത്തി ഭരണപക്ഷവും
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സഭ ഇന്നും പ്രക്ഷുബ്ധം. പ്രതിഷേധവുമായി പ്രതിപക്ഷം ഇന്നും നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ ഡയസിന് തൊട്ടടുത്തെത്തി. പ്ലക്കാര്‍ഡുമായി ഭരണപക്ഷവും രംഗത്തിറങ്ങി.
ബജറ്റ് സെഷനാണെന്ന് മറക്കരുതെന്ന് ധനമന്ത്രി. സതീശനെതിരെ ശിവന്‍ കുട്ടി. തന്നെ കുറിത്ത് മോശം പരാമര്‍ശം നടത്തുന്നു. പ്രതിപക്ഷ നേതാവിന് എല്ലാവരോടും പുച്ഛമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് ബി.ജ്.പിയുടെ നാവാവുകയാണെന്ന് പി രാജീവ് പറഞ്ഞു.
പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ പ്രതിപക്ഷം. നിയമസഭ ഇന്നും പ്രക്ഷുബ്ധമാകുമെന്നാണ് സൂചന. ചോദ്യോത്തര വേള മുതല്‍ പ്രതിപക്ഷം പ്രതിഷേധിച്ചേക്കും. അതേസമയം, സഭാ കവാടത്തില്‍ രണ്ട് പ്രതിപക്ഷ എം.എല്‍.എമാരുടെ സത്യാഗ്രഹ സമരം തുടരുകയാണ്.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ കുറ്റപത്രം വൈകിപ്പിച്ച് പ്രതികള്‍ക്കു ജാമ്യത്തിലിറങ്ങാന്‍ സര്‍ക്കാര്‍ അവസരമൊരുക്കുകയാണെന്ന് ആരോപിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഇന്നലെ നിയമസഭയില്‍ നാടകീയ സംഭവങ്ങളും കൈയാങ്കളിയും സംഘര്‍ഷവുമുണ്ടായിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിലേക്കു ചാടിക്കയറിയതോടെ വാച്ച് ആന്‍ഡ് വാര്‍ഡുമായി ഉന്തുംതള്ളുമുണ്ടായി. സംഘര്‍ഷത്തെ തുടര്‍ന്ന് സഭാ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ നിര്‍ത്തിവച്ച് സ്പീക്കര്‍ രണ്ടു തവണ സഭ വിട്ടു. രണ്ടു മണിക്കൂറോളം നീണ്ട ബഹളത്തിനൊടുവില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
ഇന്നലെ രാവിലെ ഒന്‍പതിന് സഭ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതികള്‍ മുഴുവന്‍ പുറത്തിറങ്ങുന്ന സാഹചര്യമാണെന്നും എസ്.ഐ.ടിക്കു മേലുള്ള സമ്മര്‍ദംമൂലം കുറ്റപത്രം വൈകുകയാണെന്നും അതിനാല്‍ സഭാനടപടികളുമായി സഹകരിക്കില്ലെന്നും അറിയിച്ചു.
പിന്നാലെ ചോദ്യോത്തരവേള ബഹിഷ്‌കരിച്ച പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തില്‍ ഇറങ്ങി. എന്നാല്‍ പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമാണെന്നും സഭയില്‍ അതിക്രമം കാണിക്കുകയാണെന്നും മന്ത്രി എം.ബി രാജേഷ് വിമര്‍ശിച്ചു. മന്ത്രി പി. രാജീവും വീണാ ജോര്‍ജും പ്രതിപക്ഷത്തെ വിമര്‍ശിച്ചു. നടുത്തളത്തില്‍ സ്പീക്കറുടെ ഡയസിനു മുന്നില്‍ പ്ലക്കാര്‍ഡും ബാനറും ഉയര്‍ത്തി പ്രതിഷേധിക്കുന്നതിനിടെ പ്രതിപക്ഷ നിരയില്‍നിന്ന് അന്‍വര്‍ സാദത്തും ടി.വി ഇബ്രാഹിമും ഡയസില്‍ കയറാന്‍ ശ്രമിച്ചത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി.
ഇവരെ വാച്ച് ആന്‍ഡ് വാര്‍ഡ് പിടിച്ചുമാറ്റി. ചോദ്യോത്തരവേളക്കിടെയുള്ള പ്രതിഷേധം നിയന്ത്രിക്കണമെന്ന് സ്പീക്കറും മന്ത്രിമാരും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം ബഹളം തുടര്‍ന്നു. ബാനര്‍ ഉയര്‍ത്തി കാഴ്ചയടക്കം മറച്ച് പ്രതിഷേധം അരങ്ങേറിയതോടെ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ സഭവിട്ടു. ഇതോടെ അരമണിക്കൂറോളം സഭ തടസപ്പെട്ടു. പിന്നീട് വീണ്ടും ചേര്‍ന്നെങ്കിലും ആരോപണ പ്രത്യാരോപണവും പാരഡി ഗാനവുമൊക്കെയായി ഭരണ, പ്രതിപക്ഷ പോര് കൂടുതല്‍ രൂക്ഷമായി.
സ്പീക്കറെ ആക്രമിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ''സ്വര്‍ണം കട്ടവരാരപ്പാ കോണ്‍ഗ്രസ് ആണേ അയ്യപ്പാ, സംരക്ഷിച്ചവര്‍ ആരപ്പാ സോണിയ ഗാന്ധി ആണപ്പാ'' എന്ന് മന്ത്രി പാരഡിക്ക് മറുപടിയും നല്‍കി.
സ്പീക്കറുടെ ഡയസിന് മുന്നിലെ പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധത്തിനിടെ പി.സി വിഷ്ണുനാഥും വാച്ച് ആന്‍ഡ് വാര്‍ഡുമായി ഉന്തും തള്ളുമുണ്ടായി. ഇതിനിടെ സ്പീക്കറുടെ കാഴ്ചമറച്ച ബാനര്‍ വാച്ച് ആന്‍ഡ് വാര്‍ഡ് വലിച്ചു കീറി. ഐ.സി ബാലകൃഷ്ണനും ഡയസിലേക്ക് കയറാന്‍ ശ്രമിച്ചു. എല്ലാവരുടേയും ശ്രദ്ധ ആ ഭാഗത്തേക്കു നീങ്ങിയതോടെ അന്‍വര്‍ സാദത്ത് ഡയസിലേക്ക് ചാടിക്കയറി മുദ്രാവാക്യം വിളിച്ചു. ഇതോടെ പ്രതിപക്ഷാംഗങ്ങളും കൂട്ടമായി മുദ്രാവാക്യം മുഴക്കി.
പിന്നാലെ മാത്യു കുഴല്‍നാടനും ഡയസിലേക്ക് കയറി. വാച്ച് ആന്‍ഡ് വാര്‍ഡ് അന്‍വര്‍ സാദത്തിനെ താഴേക്ക് തള്ളിയിടാന്‍ ശ്രമിച്ചെങ്കിലും ഡയസിനുള്ളിലേക്കാണ് വീണത്. ഇതോടെ മാത്യു കുഴല്‍നാടന്‍ ഡയസില്‍ ചാടിക്കയറി അന്‍വറിനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. പിന്നാലെ സ്പീക്കര്‍ വീണ്ടും സഭ നിര്‍ത്തിവച്ച് എഴുന്നേറ്റു പോയി. അല്‍പ്പനേരത്തിനു ശേഷം സ്പീക്കര്‍ വീണ്ടും ചെയറിലെത്തി സഭ പുനരാരംഭിക്കുകയായിരുന്നു.
the kerala assembly witnessed fresh disruptions as the opposition continued its protest in the well over the sabarimala gold smuggling issue, while ruling party members also raised placards inside the house.
tags:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."