'അത് വിഷമമാകും'; കെ.എസ്.ആര്‍.ടി.സി ബസ് റൂട്ട് വിഷയത്തില്‍ ഗണേഷ് കുമാറിനെ നിയമസഭയില്‍ തിരുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാറിനെ നിയമസഭയില്‍ പരസ്യമായി തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.എസ്.ആര്‍.ടി.സിയുടെ റൂട്ടുകള്‍ സംബന്ധിച്ച വിഷയത്തിലാണ് മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്.
സ്വകാര്യ ബസുകള്‍ ഓടുന്ന റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി ഒഴിവാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് സര്‍ക്കാര്‍ നയമല്ലെന്നും അനാരോഗ്യകരമായ മത്സരം വേണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഒഴിവാക്കുന്നത് വിഷമമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗതാഗതമന്ത്രിയുടെ പ്രസ്താവന:
'പ്രൈവറ്റ് ബസിന്റെ മുന്നില്‍ കയറി ഓടുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു കെ.എസ്.ആര്‍.ടി.സിക്ക്. പ്രൈവറ്റ് ബസുകള്‍ പുതിയ ബസുകളായിരിക്കും. അവര്‍ മത്സരിച്ച് ഓടാന്‍ തയ്യാറാണ്. നമ്മുടെ ഡ്രൈവര്‍മാര്‍ അതിന് തയ്യാറല്ല. ഞാന്‍ മന്ത്രിയായി വന്നപ്പോള്‍ ആദ്യം തന്നെ ഒരു പോളിസിയുണ്ടാക്കി. പ്രൈവറ്റ് ബസിന്റെ തലയ്ക്കല്‍ ഓടുന്ന പരിപാടി നിര്‍ത്താം. അവരുടേത് ഒരു ബിസിനസ്സാണ്. അവര്‍ നികുതി അടയ്ക്കുന്നവരാണ്. അവര്‍ അത് നടത്തട്ടെ. നമുക്ക് എക്സ്‌ക്ലൂസീവ് ആയിട്ടുള്ള മലയോര മേഖലകളിലടക്കം സര്‍വീസ് നടത്തിയപ്പോള്‍ അവിടെ കളക്ഷന്‍ വര്‍ധിച്ചു. അനാവശ്യമായ അനാരോഗ്യകരമായ മത്സരത്തിന് പോകേണ്ട എന്ന തീരുമാനമാണ് കളക്ഷന്‍ വര്‍ധിച്ചതിന്റെ രഹസ്യം. അവരും ബസോടിക്കുന്നു പൈസയുണ്ടാക്കുന്നു. ടാക്സടയ്ക്കുന്നു. നമ്മളൊരു സൈഡിലൂടെ മുന്നേറുന്നു. പ്രൈവറ്റ് ബസുകളോ കെ.എസ്.ആര്‍.ടി.സിയോ പോകാത്ത റൂട്ടുകളിലേക്ക് നമ്മള്‍ മാറി'
മുഖ്യമന്ത്രിയുടെ തിരുത്ത്
'പ്രൈവറ്റ് ബസ് ഓടുന്ന സ്ഥലത്ത് കെഎസ്ആര്‍ടി ബസ് ഓടാതിരിക്കുക എന്നത് മന്ത്രി ഒരു നയമായി പറഞ്ഞതായി തോന്നി. അങ്ങനെ വന്നാല്‍ അത് വലിയ പ്രയാസം ഉണ്ടാകും. അനാരോഗ്യകരമായ മത്സരം പാടില്ല എന്നത് ശരിയാണ്. അത് ഒഴിവാക്കേണ്ടത് തന്നെയാണ്. പക്ഷേ, കേരളത്തില്‍ പ്രൈവറ്റ് ബസ് ഓടുന്ന റൂട്ടുകളിലും കെഎസ്ആര്‍ടിസി ബസ് ഓടുന്നുണ്ട്. അവിടുന്നെല്ലാം കെഎസ്ആര്‍ടിസി ബസ് പിന്‍വലിക്കുക എന്ന നയം നമ്മുടെ സര്‍ക്കാരിന് സ്വീകരിക്കാനാകില്ല. ആ തരത്തിലേക്ക് പോയാല്‍ വിഷമമായി മാറും'
കാര്യം വിശദീകരിച്ച് ഗണേഷ്‌കുമാര്‍
താന്‍ പറഞ്ഞത് പ്രൈവറ്റ് ബസ് ഓടുന്ന എല്ലാ സ്ഥലത്ത് നിന്നും മാറികൊടുക്കണം എന്നല്ലെന്ന് മന്ത്രി വിശദീകരിച്ചു. അങ്ങനെ മാറി കൊടുക്കില്ല. പ്രൈവറ്റ് ബസിന്റെ കുത്തക തകര്‍ത്താണ് കെ.എസ.്ആര്‍.ടി.സി മുന്നേറുന്നത്. ബെംഗളൂരു റൂട്ടുകളിലൊക്കെ പ്രൈവറ്റ് ബസിനേക്കാള്‍ കളക്ഷനാണ് നമുക്കുള്ളതെന്നും മന്ത്രി പറഞ്ഞു.
Chief Minister Pinarayi Vijayan publicly corrected Transport Minister K.B. Ganesh Kumar in the Kerala Legislative Assembly over remarks related to KSRTC bus routes. The clarification came amid discussions on whether KSRTC should withdraw services from routes where private buses operate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."