calicut university’s distance education department is starting online courses.
HOME
DETAILS
MAL
കാലിക്കറ്റിൽ ഓൺലൈനായി വിദൂര വിദ്യാഭ്യാസം; ക്ലാസുകളുടെ വിഡിയോ റെക്കോർഡിങ് പൂർത്തിയാവുന്നു
ഇഖ്ബാൽ പാണ്ടികശാല
February 12, 2026 | 2:24 AM
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം ഓൺലൈൻ കോഴ്സുകൾ തുടങ്ങുന്നു. സംസ്ഥാനത്ത് ശ്രീനാരായണഗുരു ഓപൺ സർവകലാശാല നിലവിൽവന്നതോടെ വിദൂര വിദ്യാഭ്യാസ സംവിധാനം നിർത്തലാക്കിയതിനെ തുടർന്ന് നഷ്ടമായ ആയിരക്കണക്കിന് വിദ്യാർഥികളെ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഓൺലൈൻ കോഴ്സുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ക്ലാസുകളുടെ വിഡിയോ റെക്കോർഡിങ് ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. ആദ്യഘട്ടമായി പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഇക്കണോമിക്സ്, ഹിസ്റ്ററി എന്നീ പി.ജി കോഴ്സുകളാണ് ആരംഭിക്കുന്നത്. ഇതിന് കാലിക്കറ്റ് സർവകലാശാല ഉടൻതന്നെ അപേക്ഷ ക്ഷണിക്കും.
ഡിഗ്രി കോഴ്സുകൾ ഓൺലൈൻ വഴി തുടങ്ങുന്നതിനു യു.ജി.സിക്ക് അപ്പീൽ നൽകിയിട്ടുണ്ട്. അപ്പീലിൽ അനുമതിവന്നതിനുശേഷം മുഴുവൻ ഡിഗ്രികളിലേക്കും അപേക്ഷ ക്ഷണിക്കും. കെ. റീപ്പിന്റെ ലേണിങ് മാനേജ്മെന്റ് സിസ്റ്റം വഴിയാണ് പഠിതാക്കൾക്ക് ആവശ്യമായ ക്ലാസുകളും രജിസ്ട്രേഷനും പരീക്ഷാ സംവിധാനവും ഉൾപ്പെടെ ഒരുക്കുക. സംസ്ഥാനത്ത് ആദ്യമായാണ് കെ. റീപ്പിന്റെ ലേണിങ് മാനേജ്മെൻറ് സിസ്റ്റം വഴി ഒരു സർവകലാശാല ഇത്തരത്തിൽ ഓൺലൈൻ ക്ലാസുകൾ നൽകുന്നത്.
പഠിതാക്കൾക്ക് അധ്യാപകരുമായി സംവദിക്കാൻ ആഴ്ചയിൽ ഓൺലൈൻ വഴി സൗകര്യം ഏർപ്പെടുത്തും. സാധാരണ ഡിഗ്രി -പി. ജി സർട്ടിഫിക്കറ്റുകളെ പോലുള്ള സർട്ടിഫിക്കറ്റ് തന്നെയാണ് ഓൺലൈൻ ഡിഗ്രികൾക്കും കാലിക്കറ്റ് സർവകലാശാല നൽകുക. കാലിക്കറ്റ് എസ്.ഡി.ഇയുടെ ഇപ്പോഴത്തെ ഡയരക്ടർ ഡോ. സി.ഡി രവികുമാറിൻ്റെ നിരന്തര പരിശ്രമങ്ങളാണ് ഓൺലൈൻ കോഴ്സുകൾ തുടങ്ങുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതിനു പിന്നിൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."