ഗാന്ധി ജയന്തി ആഘോഷവും സര്‍വകലാശാല സ്ഥാപകദിനാചരണവും
അതിരമ്പുഴ : ആധുനിക ലോകത്തിലെ സാമൂഹ്യപ്രശ്‌നങ്ങളും പ്രതിസന്ധികളും ദീര്‍ഘദൃഷ്ടിയോടെ കാണുകയും അവയ്ക്ക് ജനകീയ പരിഹാരം നിര്‍ദേശിക്കുകയും ചെയ്തു ജനഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്ന മഹാനാണ് ഗാന്ധിജിയെന്ന് വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അഭിപ്രായപ്പെട്ടു.
മഹാത്മാ ഗാന്ധി സര്‍വകലാശാല ഗാന്ധിയന്‍ പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഗാന്ധിജയന്തി ആഘോഷവും സര്‍വ്വകലാശാല സ്ഥാപന ദിനാചരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മാ ഗാന്ധിയുടെ ദര്‍ശനങ്ങളും തത്ത്വങ്ങളും എക്കാലവും പ്രസക്തമാണെന്നും അവയ്ക്ക് അക്കാദമിക പാഠ്യക്രമങ്ങളില്‍ കൂടുതലായ സ്ഥാനം നല്‍കണമെന്നും ചടങ്ങില്‍ മുഖ്യ സന്ദേശം നല്‍കിയ ഗാന്ധിയന്‍ പഠനവകുപ്പ് സ്ഥാപകനും മുന്‍മേധാവിയുമായിരുന്ന റവ. ഡോ. ആന്റണി കെ. ചിറപ്പണത്ത് പറഞ്ഞു.
സര്‍വകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗാന്ധിപ്രതിമയില്‍ വൈസ് ചാന്‍സലര്‍ പുഷ്പാര്‍ച്ചന നടത്തി. 'സാന്ത്വനം' ചാരിറ്റബിള്‍ സൊസൈറ്റിയിലെ കുട്ടികള്‍ അവതരിപ്പിച്ച മദ്യവിരുദ്ധ നൃത്തശില്പവും ഗാന്ധിയന്‍ സ്റ്റഡീസ് വിദ്യാര്‍ത്ഥികളുടെ വിശുദ്ധ മതഗ്രന്ഥപാരായണവും നടന്നു. സിന്‍ഡിക്കേറ്റംഗം ഡോ. ആര്‍. പ്രഗാഷ് അധ്യക്ഷനായിരുന്നു.
ചടങ്ങില്‍ ഡോ. റോയി സി. മാത്യു, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ റിന്‍സിമോള്‍ മാത്യു, ഗാന്ധിയന്‍ സ്റ്റഡീസ് പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് ഡോ. മമത രാമചന്ദ്രന്‍, ഡോ. സി.ആര്‍ ഹരിലക്ഷ്മീന്ദ്രകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."