ഇനി തോന്നിയപോലെ റോഡ് വെട്ടിപ്പൊളിക്കാനാവില്ല
മലപ്പുറം: വികസനത്തിന്റെ പേരില്‍ ഇഷ്ടംപോലെ റോഡ് വെട്ടിപ്പൊളിക്കുന്നതു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ രൂപീകരിച്ച പ്രഥമ ജില്ലാതല കോഡിനേഷന്‍ കമ്മിറ്റി യോഗം ജില്ലാ കലക്ടര്‍ എ. ഷൈനമോളുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയില്‍ ഉത്തരവാദിത്ത്വമില്ലാതെ റോഡുകള്‍ കീറിമുറിക്കുന്നതു സംബന്ധിച്ച് പൊതുജനങ്ങളുടെ ഇടയില്‍നിന്നു നിരന്തരം പരാതി ലഭിക്കാറുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാകലക്ടര്‍ ഇടപെട്ട് ഇത്തരം ഒരു കമ്മിറ്റിക്കു രൂപം നല്‍കിയത്. ജില്ലയില്‍ ഇത്തരം ഒരു കമ്മിറ്റിയുടെ സാധ്യതകളെ കുറിച്ചു നേരത്തെ പലരും ചര്‍ച്ച ചെയ്തിരുന്നെങ്കിലും അതു പ്രാവര്‍ത്തികമായിരുന്നില്ല. കമ്മിറ്റിയുടെ കണ്‍വീനര്‍ റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറാണ്.
ജില്ലാതല കോഡിനേഷന്‍ കമ്മിറ്റി അനുമതി നല്‍കുന്ന മുറയ്ക്കു മാത്രമേ എല്ലാ തരത്തിലുള്ള ഏജന്‍സികള്‍ക്കും റോഡുകളില്‍ പണിനടത്തുവാന്‍ കഴിയുകയുള്ളൂ. ഇതിനായി എല്ലാമാസവും കമ്മിറ്റി യോഗം ചേരുമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.
കലക്ടറേറ്റില്‍ ചേര്‍ന്ന പ്രഥമ യോഗത്തില്‍ ജില്ലയില്‍ 15 ഓളം റോഡുകളില്‍ പണികള്‍ ചെയ്യുന്നതിന് വിവിധ ഏജന്‍സികള്‍ക്ക് കമ്മിറ്റി അനുമതി നല്‍കി. വാട്ടര്‍ അതോറിറ്റി, ബി.എസ്.എന്‍.എല്‍, ഐഡിയ, വോഡോഫോണ്‍, റിയലന്‍സ് തുടങ്ങിയ കമ്പനികള്‍ അനുമതി ആവശ്യപ്പെട്ട് യോഗത്തില്‍ പങ്കെടുത്തിരുന്നു. പണം അടക്കുന്ന മുറയ്ക്ക് മാത്രമേ അന്തിമ അനുമതി ഉണ്ടാകുകയുള്ളൂ.
നിര്‍ദേശിച്ച പണികള്‍ ട്രാഫിക്ക് പ്രശ്‌നം കുറയ്ക്കുന്നതിന്റെ ഭാഗമായി രാത്രികാലങ്ങളില്‍ ചെയ്യാനും പണിതുടങ്ങുന്നതിന് മുമ്പായി പി.ഡബ്ല്യു.ഡി റോഡ്‌സ് വിഭാഗത്തേയും പൊലിസിനെയും വിവരം അറിയിക്കണം. റോഡ് കുറുകെ മുറിക്കുമ്പോള്‍ ഒരുഭാഗം പൂര്‍ത്തിയായതിനു ശേഷം മാത്രമെ മറുഭാഗം പണി തുടങ്ങാവൂ. പുതിയ പദ്ധതികള്‍ തയാറാക്കുമ്പോള്‍ അത്യാവശ്യ സ്ഥലങ്ങളില്‍ പൈപ്പ് ഇടുന്നതിനും മറ്റുമുള്ള കോണ്‍ക്രീറ്റ് ചാലുകള്‍, കുഴികള്‍ തുടങ്ങിയവ റോഡ്‌സ് വിഭാഗത്തിന്റെ പ്രൊജക്റ്റില്‍ തന്നെ ഉള്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. കോഴിക്കോട് - ഗൂഡലൂര്‍ - നിലമ്പൂര്‍ റോഡില്‍ രണ്ട് കി.മീറ്റര്‍ നീളത്തില്‍ പൈപ്പ് ഇടുന്നതിന് കമ്മിറ്റി അനുമതി നല്‍കി. നിലവില്‍ 40 കി.മീറ്റര്‍ പണി വാട്ടര്‍ അതോറിറ്റി തീര്‍ത്തിട്ടുണ്ട്.
യോഗത്തില്‍ എ.ഡി.എം പി. സെയ്യിദ് അലി, പി.ഡബ്ല്യു.ഡി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (റോഡ്‌സ്) ഹരീഷ്, ഡെപ്യൂട്ടി എക്‌സി. എഞ്ചിനീയര്‍ റാണി വിജയലക്ഷ്മി സി.ജെ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."