പ്രവചനങ്ങള്‍ കുടഞ്ഞെറിഞ്ഞ് ഡൊണാള്‍ഡ് ട്രംപ്
പ്രവചനങ്ങളെ കടപുഴക്കിക്കൊണ്ടും ലോകത്തെ അമ്പരപ്പിച്ചുകൊണ്ടും അമേരിക്കയുടെ 45-ാമത്തെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പുപ്രചാരണവേളയില്‍ ലോകത്തെ ഏറ്റവും വലിയ അപകടകാരിയെന്ന വിശേഷണത്തിന് അര്‍ഹനായ ട്രംപ്, പ്രസിഡന്റ് പദം ഉറച്ചഘട്ടത്തില്‍ അനുയായികളെ അഭിസംബോധനചെയ്തതു സൗമ്യഭാഷയിലായിരുന്നു. എല്ലാവരുടെയും പ്രസിഡന്റാണു താനെന്നും അമേരിക്കയ്ക്കുവേണ്ടി ഒന്നിച്ചു മുന്നേറാമെന്നും അദ്ദേഹം പറഞ്ഞത് ഇതുവരെ പുലര്‍ത്തിപ്പോന്ന ആശയങ്ങള്‍ കൈയൊഴിഞ്ഞെന്നു തോന്നുംമട്ടിലാണ്.
എട്ടുവര്‍ഷത്തെ ഡെമോക്രാറ്റിക് ഭരണത്തിനാണു ട്രംപ് തിരശ്ശീല വീഴ്ത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടപ്രചാരണത്തിലുടനീളം അമേരിക്കയിലെ കുടിയേറ്റക്കാര്‍ക്കും മുസ്‌ലിംകള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ സംസാരിക്കാനാണ് അദ്ദേഹം സമയം ചെലവഴിച്ചത്. ഇതിനാല്‍ത്തന്നെ 32 ലക്ഷം വരുന്ന അമേരിക്കന്‍ ഇന്ത്യക്കാരില്‍ 80 ശതമാനവും ഹിലരി ക്ലിന്റനൊപ്പംനിന്നു. അതുപക്ഷേ ഫലം കണ്ടില്ല.
പ്രചാരണത്തിലുടനീളം സ്ത്രീവിഷയവും ഇ മെയില്‍ വിവാദവും കൊഴുത്തു. അമേരിക്കയുടെ തെരഞ്ഞെടുപ്പുചരിത്രത്തില്‍ ഇദംപ്രഥമായിരുന്നു പ്രചാരണം വ്യക്തിവിമര്‍ശത്തിലേയ്ക്കു നീളുന്നത്. അതിരൂക്ഷമായും അസഭ്യമായതുമായ പദപ്രയോഗങ്ങള്‍വരെ പ്രചാരണവേദിയില്‍ ഉയര്‍ന്നു; പ്രത്യേകിച്ച് ട്രംപിന്റെ ഭാഗത്തുനിന്ന്. എന്നിട്ടും, മാധ്യമങ്ങളുടെ പ്രവചനങ്ങളെ മറികടന്നു ട്രംപ് വിജയിച്ചു.
അമേരിക്കന്‍ പ്രസിഡന്റായി ഇത്തവണ വനിത വരുമെന്ന പ്രതീക്ഷ ഇതോടെ ഇല്ലാതായി. രാഷ്ട്രീയത്തില്‍ ഒരു പിടിപാടുമില്ലാത്ത സഹസ്രകോടീശ്വരന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഫ്‌ളോറിഡ, ഒഹാ േയാ, നോര്‍ത്ത് കരോലിന എന്നിവിടങ്ങളിലെ വിജയമാണു ട്രംപിനെ തുണച്ചത്. ട്രംപിനു ശരിയായ രാഷ്ട്രീയബോധവും രാഷ്ട്രീയപ്രവര്‍ത്തന പരിചയവും രാഷ്ട്രാന്തരീയബന്ധവുമില്ലെന്നത് അമേരിക്കന്‍ ജനത ഗൗനിച്ചില്ല. തങ്ങളുടെ പ്രതീക്ഷ നിറവേറ്റാന്‍ പ്രാപ്തിയുള്ള നേതാവായാണ് അവര്‍ ട്രംപിനെ കണ്ടത്. നേരത്തെ, ഒബാമയെക്കുറിച്ചും ഇതായിരുന്നു അമേരിക്കന്‍ ജനത വച്ചുപുലര്‍ത്തിയ പ്രതീക്ഷ.
മുമ്പൊരിക്കലും കാണാത്ത വീറുംവാശിയുമാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്. ഹിലരി ക്ലിന്റന് വേണ്ടി ബറാക് ഒബാമ സജീവമായി പ്രവര്‍ത്തിച്ചതുപോലും അസാധാരണസംഭവമാണ്. അമേരിക്കന്‍ പ്രസിഡന്റുസ്ഥാനത്തിരിക്കുന്നവര്‍ അത്തവണ മത്സരിക്കുന്നില്ലെങ്കില്‍ പ്രചാരണ രംഗത്തിറങ്ങാറില്ല. ജോര്‍ജ് ബുഷും ബില്‍ ക്ലിന്റണും തങ്ങളുടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രചാരണ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. വംശീയത ഉയര്‍ത്തിപ്പിടിക്കുന്ന ട്രംപ് അധികാരത്തിലെത്തിയാല്‍ താന്‍ പ്രതിനിധീകരിക്കുന്ന കറുത്തവര്‍ഗക്കാര്‍ അടിച്ചമര്‍ത്തപ്പെട്ടേക്കുമോയെന്ന ആശങ്കയായിരിക്കാം ട്രംപിനെതിരേ രംഗത്തിറങ്ങാന്‍ ഒബാമയെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.
അമേരിക്കയിലെ സാമ്പത്തികസ്ഥിതി രണ്ടു ശതമാനം വര്‍ധിച്ചതു ബറാക് ഒബാമയുടെ വിജയംതന്നെയായിരുന്നു. പക്ഷേ, മാറ്റംവേണമെന്നു പറഞ്ഞ് അധികാരത്തിലേറിയ അദ്ദേഹത്തിന് അമേരിക്കന്‍ യുവതയുടെ പ്രതീക്ഷ നിറവേറ്റാനായിരുന്നില്ല.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ട്രംപിന്റെ വിജയം വലിയ പ്രതീക്ഷയ്‌ക്കൊന്നും വക നല്‍കുന്നില്ല. ക്ലിന്റന്‍ ഭരണകൂടവുമായി നല്ലബന്ധം പുലര്‍ത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപ് വിജയിക്കുമെന്നു പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
ഇന്ത്യാ-പാകിസ്താന്‍ സംഘര്‍ഷം തുടരുമ്പോള്‍ അമേരിക്കയുടെ സഹകരണം ഇന്ത്യക്ക് അനിവാര്യമാണ്. അതുപക്ഷേ, ഭാവിയില്‍ ഉണ്ടാകുമോയെന്നു കണ്ടറിയേണ്ടതുണ്ട്. മൂന്നു ദശാബ്ദക്കാലത്തെ പൊതുപ്രവര്‍ത്തനപരിചയം അമേരിക്കന്‍ പ്രസിഡന്റാകാന്‍ ഹിലരിയെ തുണച്ചില്ല. രാഷ്ട്രീയപ്രവര്‍ത്തനപരിചയമോ നയതന്ത്രജ്ഞതയോ ഇല്ലാതിരുന്നിട്ടും വ്യവസായിയായ ഡൊണാള്‍ഡ് ട്രംപിനെ അമേരിക്കന്‍ ജനത തെരഞ്ഞെടുത്തു.
1961 നു ശേഷം ഒഹായോയില്‍ ജയിക്കാത്ത ഒരു സ്ഥാനാര്‍ഥിയും വൈറ്റ് ഹൗസിലെത്തിയിട്ടില്ലെന്ന കീഴ്‌വഴക്കം ഇവിടെ ആവര്‍ത്തിച്ചിരിക്കുകയാണ്. തോല്‍വി സമ്മതിക്കാന്‍ തയ്യാറാകാതിരുന്ന ഹിലരിയുടെ നിലപാട് ഇതുവരെ അവര്‍ പുലര്‍ത്തിപ്പോന്ന ജനാധിപത്യമര്യാദയ്ക്കു ചേര്‍ന്നതായില്ല. ലോകത്തിനു ദിശാബോധം നല്‍കാന്‍ പുതിയ പ്രസിഡന്റിനാകുമോയെന്നു കാത്തിരുന്നു കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."