വി.എസിനെതിരേ നടപടി: ഇന്നറിയാം
തിരുവനന്തപുരം: തുടര്‍ച്ചയായ അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരില്‍ വി.എസ്. അച്യുതാനന്ദനെതിരേ സി.പി.എം എന്തു നടപടി എടുക്കുമെന്ന് ഇന്നറിയാം. രാവിലെ പത്തുമണിയോടെ ഹോട്ടല്‍ ഹായ്സിന്ദില് ആരംഭിക്കുന്ന കേന്ദ്രക്കമ്മിറ്റിയിലാണ് പി.ബി.കമ്മിഷന് റിപ്പോര്‍ട്ട് പരിഗണിക്കുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ദേശീയ രാഷ്ട്രീയത്തില്‍ എടുക്കേണ്ട നിലപാടും, നോട്ട് അസാധുവാക്കലിനെതിരേ ദേശീയ പ്രക്ഷോഭം, അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ എടുക്കേണ്ട അടവുനയം എന്നിവയായിരുന്നു ചര്‍ച്ച ചെയ്തത്. എല്ലാ ഘടകങ്ങളിലും പാര്‍ട്ടി ശാക്തീകരണം, വര്‍ഗ ബഹുജന സംഘടനകളുടെ പരിപാടികളും തീരുമാനിച്ചു.
ഇന്ന് രാവിലെ അവൈലബിള്‍ പൊളിറ്റ്ബ്യൂറോ ചേര്‍ന്ന് ഇ.പി. ജയരാജനെതിരേയുള്ള പാര്‍ട്ടി നടപടിയും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്നാണ് സൂചന. യച്ചൂരി-കാരാട്ട് വിഭാഗീയതയും ഇന്നത്തെ കമ്മിറ്റിയില്‍ പ്രകടമാകും. വി.എസിനെതിരേ നടപടി എടുക്കണമെന്ന് കാരാട്ട് വിഭാഗവും, വേണ്ടെന്ന് യച്ചൂരി വിഭാഗവും വാദിക്കും. സംസ്ഥാന ഘടകത്തിലെ വിഭാഗീയത തീര്‍ക്കാന്‍ കേന്ദ്രനേതൃത്വം നിരന്തരം ശ്രമം നടത്തിക്കൊണ്ടിരിക്കേയാണ് കാരാട്ട്-യച്ചൂരി വിഭാഗീയത കേന്ദ്രക്കമ്മിറ്റിയില്‍ ഉടലെടുത്തത്. പ്രകാശ് കാരാട്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയിരിക്കുമ്പോഴാണ് വി.എസ് നടത്തിയ അച്ചടക്ക ലംഘനം അന്വേഷിക്കാന്‍ ആറംഗ കമ്മിഷനെ നിയോഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."