ഹജ്ജ് സബ്‌സിഡി എടുത്തുകളയാമോ?
ഹജ്ജ് സര്‍വീസിന്റെ പേരില്‍ വിമാനക്കമ്പനികള്‍ നടത്തുന്ന പകല്‍കൊള്ള അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നു മന്ത്രി കെ.ടി ജലീല്‍. കാലങ്ങളായി അമിതചാര്‍ജാണ് ഹജ്ജ് സര്‍വീസുകള്‍ക്കു വിമാനക്കമ്പനികള്‍ ഈടാക്കുന്നത്.
ഇതിനു പരിഹാരം കാണാന്‍ ആഗോളതലത്തില്‍ ടെണ്ടര്‍ വിളിക്കണമെന്നു കേന്ദ്രന്യൂനപക്ഷകാര്യ മന്ത്രി അബ്ബാസ് അലി നഖ്‌വിയോടും വ്യോമയാന മന്ത്രി അശോക് ഗജപതിരാജുവിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ടെണ്ടര്‍ വിളിച്ചു താരതമ്യേന കുറഞ്ഞനിരക്കില്‍ തീര്‍ഥാടകരെ കൊണ്ടുപോകുന്നവര്‍ക്കു കരാര്‍ നല്‍കണം. ടെണ്ടര്‍ വിളിക്കാനുള്ള അനുമതി ലഭിച്ചു നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസമെടുക്കും.
ഹജ്ജ് തീര്‍ത്ഥാടകരില്‍നിന്നു വാങ്ങുന്ന പണം സര്‍ക്കാര്‍ ഖജനാവിലേയ്ക്കല്ല പോകുന്നത്. ഹജ്ജുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനു മാത്രമാണ് ഉപയോഗിക്കുന്നത്. തീര്‍ഥാടകര്‍ക്കു താമസിക്കാനുള്ള മുറികളുടെ വാടകയുള്‍പ്പടെയുള്ള സൗകര്യങ്ങള്‍ക്കാണു ഈ തുകയില്‍ കൂടുതലും ചെലവഴിക്കുന്നത്. ഇതിനു പരിഹാരമായി ഹറമിനു സമീപത്ത് സ്ഥിരംകെട്ടിടം നിര്‍മിക്കാന്‍ മുമ്പു തീരുമാനമുണ്ടായിരുന്നെങ്കിലും അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നു മുടങ്ങുകയായിരുന്നു.
വിമാനക്കൂലി കുറക്കാതെ ഹജ്ജ് സബ്‌സിഡി ഒഴിവാക്കരുത്:
പി.കെ കുഞ്ഞാലിക്കുട്ടി (പ്രതിപക്ഷ ഉപനേതാവ്)
ഹജ്ജ് തീര്‍ഥാടനത്തിനു കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി ഏകപക്ഷീയമായി എടുത്തുകളയുന്നതു ശരിയല്ല. ഹജ്ജ് സര്‍വീസിനായി എയര്‍ ഇന്ത്യ വലിയ തുകയാണു തീര്‍ഥാടകരില്‍നിന്നു വിമാനക്കൂലിയായി വാങ്ങുന്നത്. വിമാനക്കൂലിയുടെ കാര്യത്തില്‍ തീരുമാനമാക്കാതെ ധൃതിപ്പെട്ടു് സബ്‌സിഡി കുറയ്ക്കുന്നതു ശരിയല്ല.
കോണ്‍ഗ്രസ് സര്‍ക്കാര്‍ തീര്‍ഥാടനത്തിനു സബ്‌സിഡി നല്‍കിയത് വ്യക്തികള്‍ക്കല്ല, പൊതുനടപടിയുടെ ഭാഗമാണ്. ഇതു കേവലം സബ്‌സിഡിയല്ല, മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാരേക്കാള്‍ ചെലവ് ഇന്ത്യന്‍ ഹാജിമാര്‍ക്കു വരുന്നതു കുറയ്ക്കാന്‍ ഒരുക്കിയ സൗകര്യമാണ്. ഇതിനെ സബ്‌സിഡിയായി മാത്രം കാണരുത്.
ജാതി,മതചിന്തകള്‍ക്കതീതമായി തീര്‍ഥാടനത്തിന് എല്ലാവര്‍ക്കും സബ്‌സിഡി നല്‍കണം. അധികച്ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി ഹജ്ജ് സബ്‌സിഡി മാത്രം എടുത്തുകളയുന്നതു ശരിയല്ല. വിമാനടിക്കറ്റിന്റെ കാര്യത്തില്‍ പുനരാലോചനകളില്ലാതെ ഏകപക്ഷീയമായി ഹജ്ജ് സബ്‌സിഡി മാത്രം എടുത്തുകളയരുത്. നിലവിലെ രീതി തുടരുകയാണു വേണ്ടത്.
വിമാനടിക്കറ്റിന്റെ കാര്യത്തില്‍ ആദ്യം തീരുമാനിക്കട്ടെ:
എം.ഐ ഷാനവാസ് എം.പി
നിലവിലെ വിമാന ടിക്കറ്റ് നിരക്ക് നിലനിര്‍ത്തിക്കൊണ്ടു ഹജ്ജ് സബ്‌സിഡി എടുത്തുകളയുന്നതിനോടു യോജിക്കാനാവില്ല. കാലാകാലങ്ങളായി ന്യൂനപക്ഷത്തിനു ലഭിക്കുന്ന അവകാശമാണിത്. യാത്രക്കൂലി വര്‍ധിപ്പിച്ചും സബ്‌സിഡി എടുത്തുകളഞ്ഞുമുള്ള നിലപാട് അംഗീകരിക്കാനാവില്ല. ആരോഗ്യവും സമ്പത്തുമുള്ളവര്‍ മാത്രം ഹജ്ജ് ചെയ്താല്‍ മതിയെന്ന നിലപാടു ശരിയല്ല.
മതപരമായി അവര്‍ക്കാണു ഹജ്ജ് നിര്‍ബന്ധമുള്ളത്. എന്നാല്‍, ഒരു തവണയെങ്കിലും ഹജ്ജിനു പോവാന്‍ ആഗ്രഹിക്കാത്ത വിശ്വാസികള്‍ ലോകത്തുണ്ടാവില്ല. അതിനുള്ള സാഹചര്യമൊരുക്കേണ്ടത് സര്‍ക്കാരും സമുദായവുമാണ്. സബ്‌സിഡി വേണ്ടെന്നുവയ്ക്കുകയും വിമാനച്ചാര്‍ജ് വര്‍ധിപ്പിക്കുകയും ചെയ്താല്‍ അത് ഇന്ത്യയിലെ ഹാജിമാരെ സാരമായി ബാധിക്കും. വര്‍ഷങ്ങളായി സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്നതാണത്. തീര്‍ഥാടനത്തിനു പോവുന്ന എല്ലാ മതവിഭാഗങ്ങള്‍ക്കും ഇതു നല്‍കുന്നുമുണ്ട്.
പുണ്യപ്രവര്‍ത്തനത്തിനുള്ള സഹായമാണത്. കോണ്‍ഗ്രസ് സര്‍ക്കാരാണ് അത് ഏര്‍പെടുത്തിയത്. അത് എടുത്തുകളയുന്നതു ശരിയല്ല. ഹാജിമാരില്‍നിന്നു വലിയതുകയാണ് എയര്‍ ഇന്ത്യ ഈടാക്കുന്നത്. ഇതു കുറയ്ക്കാനുള്ള നടപടിയുമുണ്ടാവണം. അതിന് അധികൃതര്‍ മുന്നിട്ടിറങ്ങണം. വിമാന ടിക്കറ്റിന്റെ നിരക്കു കുറയ്ക്കാതെ സബ്‌സിഡി മാത്രം കുറക്കുന്നതു ന്യായീകരിക്കാനാവില്ല. ഈ വിഷയം ഞാന്‍ ലോക്‌സഭയില്‍ ഉന്നയിക്കുകയും ചെയ്യും.
വിമാന നിരക്കിലെ ചൂഷണം അവസാനിപ്പിക്കണം:
കെ. ഉമര്‍ ഫൈസി മുക്കം
(സെക്രട്ടറി എസ്.എം.എഫ്)
ഹജ്ജ് സബ്‌സിഡി ഏക പക്ഷീയമായി എടുത്തുകളയുന്നതിനോട് യോജിക്കാനാകില്ല. അതു വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിവരുന്ന ഒരു സഹായമാണ്. എല്ലാ മത തീര്‍ഥാടകര്‍ക്കും നല്‍കുന്നുണ്ട്. സാമ്പത്തികമായും ശാരീരകമായും ശേഷിയുള്ളവരാണ് ഹജ്ജിനു പോവേണ്ടത്.
ഇതില്‍ പലരും സാമ്പത്തിക ശേഷി കൈവരിക്കുന്നത് സര്‍ക്കാറിന്റെ സഹായം കൂടി ലഭിക്കുമ്പോഴാണ്. അതിനാല്‍ ഇതിനെ എടുത്തുകളയുന്നത് ഇന്ത്യന്‍ ഹാജിമാരെ ബാധിക്കും. പുണ്യകരമായ ഒരു പ്രവര്‍ത്തിക്കു വേണ്ടി മുസ്്‌ലിംകള്‍ക്കുള്ള സഹായം ഏക പക്ഷീയമായി എടുത്തുകളയുന്നതില്‍ ചില സംശയങ്ങള്‍ അവശേഷിക്കുന്നുണ്ട്.
ഇത്രമാത്രം പ്രസക്തിയോ പ്രാധാന്യമോയില്ലാത്ത പല വിഷയങ്ങള്‍ക്കുമുള്ള സബ്‌സിഡികളും സഹായങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിര്‍ലോഭമായി നല്‍കുമ്പോള്‍ അതു കുറക്കുന്ന കാര്യത്തിലും പുനരാലോചിക്കുന്ന കാര്യത്തിലും സര്‍ക്കാരിന് താത്പര്യമില്ലാതിരിക്കുകയും ഹജ്ജ് സബ്‌സിഡി മാത്രം കുറക്കുകയും ചെയ്യുന്നതില്‍ ദുരൂഹതയുണ്ട്. ഇതിനെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന്റെ ഭാഗമായി വിലയിരുത്തപ്പെടേണ്ടിവരും. വിമാനടിക്കറ്റ് നിരക്കില്‍ വലിയ ലാഭമാണ് സര്‍ക്കാരുണ്ടാക്കുന്നത്. നല്‍കുന്ന സബ്‌സിഡിയേക്കാളും വലിയ തുക പലപ്പോഴും വിമാന സര്‍വിസ് വഴി കേന്ദ്ര സര്‍ക്കാരിനു ലഭിക്കുന്നുണ്ട്. മറ്റു വിദൂര രാജ്യങ്ങളിലുള്ളതിനേക്കാള്‍ കൂടിയ നിരക്കാണ് എയര്‍ ഇന്ത്യ ഹാജിമാരില്‍ നിന്നും ഈടാക്കുന്നത്. ഇതു കുറക്കാതെ വിമാന നിരക്കില്‍ ചൂഷണം തുടരുകയും സബ്‌സിഡി ഏകപക്ഷീയമായി നിര്‍ത്തലാക്കുകയും ചെയ്യുന്നത് നീതീകരിക്കാനാകില്ല.
സബ്‌സിഡി വിനിയോഗത്തെകുറിച്ച് പഠനം വേണം :
സി.ടി സക്കീര്‍ ഹുസൈന്‍
(എം.ഇ.എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്്)
സബ്‌സിഡി സ്വീകരിച്ചു ഹജ്ജിനു പോവേണ്ടതുണ്ടോയെന്ന വിഷയത്തില്‍ രണ്ടഭിപ്രായമുണ്ട്. സുപ്രിംകോടതിവിധിയനുസരിച്ചാണു ഹജ്ജ് സബ്‌സിഡി കുറച്ചുകൊണ്ടുവരുന്നത്.
ബജറ്റില്‍ വലിയൊരു തുക തീര്‍ഥാടനത്തിനു സബ്‌സിഡി നല്‍കാനായി മാറ്റിവയ്ക്കുന്നുണ്ട്. ഈ സബ്‌സിഡിയില്‍ എത്ര ശതമാനം എത്ര പേര്‍ക്കു ലഭിക്കുന്നുവെന്നതിനെക്കുറിച്ചു കൃത്യമായ പഠനം നടത്തേണ്ടതുണ്ട്.
സാമ്പത്തികശേഷിയുള്ളവരും ഇല്ലാത്തവരുമൊക്കെ കേന്ദ്രസര്‍ക്കാരിന്റെ സബ്‌സിഡി വാങ്ങി ഹജ്ജ് കര്‍മ്മത്തിനു പോവുന്നതിന്റെ മതപരമായ വീക്ഷണം കൃത്യമായ രീതിയില്‍ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ വിശദമായ പഠനമാണു വേണ്ടത്.
ഗള്‍ഫ് സെക്ടറിലേയ്ക്കു വലിയനിരക്കാണ് എല്ലാ കാലത്തും എയര്‍ ഇന്ത്യ ഈടാക്കുന്നത്. ഇതിനു പരിഹാരമായി ആഗോളാടിസ്ഥാനത്തില്‍ വിമാനക്കമ്പനികളില്‍നിന്നു ടെണ്ടര്‍ ക്ഷണിക്കുകയും പരമാവധി ടിക്കറ്റ്‌നിരക്കു കുറയ്ക്കാനുള്ള നടപടിയുണ്ടാക്കുകയും ചെയ്യണം. ഇതിനായി കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണം.
ഹജ്ജ് കൊണ്ടുദ്ദേശിക്കുന്നതു മാനവികസംഗമമാണ്. എല്ലാ മനുഷ്യരും തുല്യരാണെന്നതാണു ഹജ്ജ് മുന്നോട്ടുവയ്ക്കുന്ന സന്ദേശം. ഇതിനു വിപരീതമായി വലിയതുക വാങ്ങി വി.ഐ.പി, വി.വി.ഐ.പി സീറ്റില്‍ കൊണ്ടുപോവുന്നത് ഹജ്ജിന്റെ മാനവിക ലക്ഷ്യത്തെ തകര്‍ക്കലാണ്.
നിങ്ങളും വിമാനക്കമ്പനികളുടെ പകല്‍ക്കൊള്ളയ്ക്കിരയാണോ? എങ്കില്‍ പ്രതികരിക്കൂ. പ്രതികരണങ്ങള്‍ 9562101234 എന്ന വാട്‌സ്ആപ് നമ്പറില്‍ അയക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."