HOME
DETAILS

മുസ്‌ലിം സ്വത്വബോധവും ചിഹ്നങ്ങളുടെ രാഷ്ട്രീയവും

  
backup
January 10 2020 | 01:01 AM

shuhaibul-haithami-todays-article-10-01-2020

 

ഫാസിസത്തിനെതിരായ സമരത്തില്‍ പൊളിറ്റിക്കല്‍ കറക്ട്‌നസ് അത്രമാത്രം കൃത്യത വരുത്തേണ്ട കാര്യമല്ല എന്ന് എല്ലാവര്‍ക്കുമറിയാം. സമാനമനസ്‌കരുടെ ഏകോപനം സാധ്യമാവുന്ന ഏതെങ്കിലും ഒരു ഏകകം മതിയാവും പൊതുശത്രുവിനെതിരില്‍ ഒരുമിക്കാന്‍. അതാണ് കേരളത്തില്‍ കുറേയൊക്കെ സംഭവിച്ചതും. എന്നാല്‍ ഇടതു വലതു സംയുക്ത പ്രക്ഷോഭം പൂര്‍ണമായി സുതാര്യമോ സത്യസന്ധമോ ആണെന്ന് പറയാനാവില്ലതാനും. ഒരേസമയം ഇരകളോടൊപ്പം ഓടുകയും വേട്ടക്കാരുടെയൊപ്പം കണ്ണുരുട്ടുകയും ചെയ്യുന്ന സമീപനം ഇടതുപക്ഷം സ്വീകരിക്കുന്നുവോ എന്ന സംശയം ബലപ്പെടുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് മുസ്‌ലിം മുഖ്യധാരകള്‍ പിന്തുണയും ഐക്യദാര്‍ഢ്യവും നല്‍കി പങ്കെടുക്കുമ്പോഴും മുസ്‌ലിംകള്‍ പ്രാസ്ഥാനിക ബാനറുകളില്‍ നടത്തുന്ന പരിപാടികള്‍ നിരുപാധികം ബഹിഷ്‌കരിക്കുന്ന രീതി ആരെയെങ്കിലും സംതൃപ്തിപ്പെടുത്താനാണെന്ന് പറഞ്ഞാല്‍ തെറ്റാവുമോ? അതിവിടെ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ല.
പക്ഷെ, ഫാസിസ്റ്റ് വിരുദ്ധ ചേരിയുടെ ഭാഗമായി നില്‍ക്കുമ്പോള്‍, ഇവിടെ മുസ്‌ലിംകള്‍ പുലര്‍ത്തേണ്ട ചില റിലീജിയസ് കറക്ട്‌നസ് തീര്‍ച്ചയായും ഉണ്ട്. രക്തസാക്ഷിത്വത്തിന് വലിയ പ്രതിഫലമുണ്ടെങ്കിലും ഇസ്‌ലാമിന് വേണ്ടി മരിക്കാനല്ല മതം ആത്യന്തികമായി പറയുന്നത്. ഇസ്‌ലാം അനുസരിച്ച് ജീവിക്കാനാണ് മതം ആവശ്യപ്പെടുന്നത്. രക്തസാക്ഷിത്വം, ജിഹാദ്, അല്ലാഹുവിനെമാത്രം പേടി, ബദ്ര്‍, കുരിശു യുദ്ധ പരാമര്‍ശങ്ങള്‍ തുടങ്ങിയ മതചിഹ്നങ്ങളുടെ അസ്ഥാനവല്‍ക്കരണം ഇപ്പോഴത്തെ പൗരത്വ നിയമ ഭേദഗതി, പൗരത്വ പട്ടികാ വിരുദ്ധ സമരങ്ങളുടെ പശ്ചാത്തലത്തില്‍ എന്തുകൊണ്ടാണ് പ്രശ്‌നവല്‍ക്കരിക്കുന്നത് എന്ന് പരിശോധിക്കാം.
ഒന്ന്: ജയ് ശ്രീറാം വിപരീതം അല്ലാഹു അക്ബര്‍ എന്ന ജിഹാദി സമരമല്ല ഇപ്പോഴത്തേത്. സി.എ.എയും എന്‍.ആര്‍.സിയും ഒരു രാഷ്ട്രീയ വിഷയമാണ്, മതേതരത്വത്തെയും ഭരണഘടനയെയും ബാധിക്കുന്ന രാഷ്ട്രീയ വിഷയം. അതിന് പരിഹാരം കാണേണ്ടത് മതേതര രാഷ്ട്രീയം വഴി മാത്രമാവണം. ഭാരതം ഇസ്‌ലാം പറയുന്ന യുദ്ധഭൂമിയല്ല, സന്ധിഭൂമിയാണ്. ഭരണഘടനയാണ് കരാര്‍പത്രം. അത് കൊണ്ട് തന്നെ ഭരണഘടന നിലവില്‍ വരുന്നതിന് മുമ്പത്തെ ആലി മുസ്‌ലിയാരുടെയും അലവിക്കുട്ടിയുടെയും പോരാട്ട കഥകള്‍ അസ്തിത്വം തെളിയിക്കാനും സമര ധീരത ഉണര്‍ത്താനുമെന്നതിനധീതമായി പറഞ്ഞു സ്വപ്നലോകത്തേക്ക് കയറല്‍ ആവശ്യമല്ല. ഇത് ഈ സമുദായത്തിന്റെ ആവശ്യവുമായി, സ്വത്വവുമായി ബന്ധപ്പെട്ട വിഷയമല്ല എന്നല്ല പറയുന്നത്, പക്ഷെ എല്ലാവരുടെയും വിഷയമാക്കലാണ് യഥാര്‍ഥ പ്രതിരോധം. എന്നാലും ചോദിക്കാം, മുദ്രകള്‍ മുസ്‌ലിമിന്റേതാവുമ്പോള്‍ ചാപ്പകുത്തപ്പെടുന്നതിനാല്‍ നാം മുദ്രകളും മുദ്രാവാക്യങ്ങളും കൂടുതല്‍ പ്രകടമാക്കുകയല്ലേ വേണ്ടത് എന്ന്. മതേതര പൊതുബോധത്തിന് ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ളവ മാറ്റിവെച്ചില്ലെങ്കില്‍ മുസ്‌ലിം അപരവല്‍ക്കരണത്തിന് ആക്കം കൂട്ടാന്‍ മാത്രമാണ് അത്തരം അസ്ഥാന സ്വത്വബോധം ഇടയാവുക എന്നാണ് ലളിതമായ മറുപടി.
രണ്ട്: സ്വാതന്ത്രസമരകാലത്തെ പ്രക്ഷോഭരീതികളില്‍ മുസ്‌ലിം തിയോക്രസി എന്ന് ആരോപിക്കപ്പെടുന്ന രീതികള്‍ ഉണ്ടായിരുന്നു എന്നത് സമ്മതിക്കാനാവില്ല. മഹാരഥരായ ഉമര്‍ ഖാദി നികുതി നിഷേധം പ്രഖ്യാപിച്ചതും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മലയാള നാട് എന്ന പേരില്‍ സ്വയംഭരണ പ്രദേശം ഉണ്ടാക്കിയതും തിരൂരങ്ങാടി ആലി മുസ്‌ലിയാര്‍ തിരൂരങ്ങാടി ഖിലാഫത് ഏറ്റെടുത്തതും ഇന്ത്യ കോണ്‍സ്റ്റിറ്റിയൂഷണല്‍ റിപബ്ലിക് ആവുന്നതിന് മുമ്പാണ്. മതേതരഭരണഘടന നിലവില്‍ വന്ന് കഴിഞ്ഞാല്‍ സന്ധിഭൂമിയില്‍ ഹിന്ദുത്വ തിയോക്രസി പോലെ തിരസ്‌കൃതമാണ് ഇസ്‌ലാമിക് തിയോക്രസിയും.
മൂന്ന്: ഹിന്ദുത്വരുടെ ആത്യന്തിക ലക്ഷ്യം മുസ്‌ലിം വംശഹത്യയല്ല. ഹിന്ദുത്വരാഷ്ട്ര രൂപീകരണമാണ്. അതിന് മുമ്പിലെ ഒരേയൊരു വെല്ലുവിളി ഭരണഘടനയാണ്. ഭരണഘടന പൊളിച്ചെഴുതാനുള്ള അസംസ്‌കൃത വസ്തുക്കളിലൊന്നാണ് അവര്‍ക്കിപ്പോള്‍ മുസ്‌ലിംകള്‍. അതിനാല്‍ പ്രതിരോധ പ്രതീകം ഭരണഘടനയും ദേശീയ പതാകയും തന്നെയാവണം. ഗോള്‍വാള്‍ക്കര്‍ വിചാരധാരയുടെ 19, 20, 21 അധ്യായങ്ങളില്‍ പറയുന്നത് യഥാക്രമം ആഭ്യന്തര ശത്രുക്കളായ മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, കമ്മ്യൂണിസ്റ്റുകാര്‍ എന്നീ മൂന്ന് വിഭാഗത്തെ കുറിച്ചാണ്. സുരക്ഷിത കേന്ദ്രങ്ങളിലാണെന്ന് കരുതി സ്വത്വ വിസ്മൃതിയുടെ കരിമ്പുടം പുതച്ചുറങ്ങുന്ന ചില ജനവിഭാഗങ്ങള്‍ ഇവിടെയുണ്ട്. അവരെക്കൂടി സമരരംഗത്തേക്കിറക്കാനാവണം ശ്രദ്ധ.

സമരരംഗത്തെ സ്വത്വബോധം
മുസ്‌ലിമിന്റെ സ്വത്വബോധവും സ്വത്വബോധ്യവും രണ്ടാണ്. സ്വയം ബോധ്യപ്പെട്ടിട്ടില്ലെങ്കിലും മറ്റുള്ളവര്‍ അംഗീകരിച്ച് തരലാണ് ഇസ്‌ലാമിന്റെ വിജയം എന്ന ധാരണയേക്കാള്‍ ശരിയായത്, മറ്റുള്ളവര്‍ അംഗീകരിക്കുന്നതും അംഗീകരിക്കാത്തതും നോക്കാതെ മുസ്‌ലിം ആത്മബോധ്യങ്ങള്‍ക്ക് ഒട്ടും പരുക്കേല്‍ക്കാതെ എങ്ങനെയാണ് സാമുദിയക സ്വത്വം പരിരക്ഷിച്ച് നിര്‍ത്താന്‍ കഴിയുക എന്നതാണ്. കണ്ടാല്‍ ഉഗ്രവാദികളുടെ ചേലില്‍ തലയില്‍കെട്ടി നീളന്‍ ഖമീസണിയുന്ന കേരളത്തിലെ സുന്നീ പണ്ഡിതന്മാരെ കുറിച്ചുള്ള വിശ്വാസ്യതയും പൊതുമതിപ്പും മറ്റുള്ളവര്‍ക്ക് കിട്ടുന്നില്ലെങ്കില്‍ ചിലത് ചിന്തിക്കാനുണ്ട്. സെക്യുലര്‍ ഫില്‍ട്രേഷന്റെ ഏത് അരിപ്പയും മറികടന്ന് പൊതുമതേതര പരിസരത്ത് നേതൃപരമായി നിലകൊള്ളാന്‍ നടേപറഞ്ഞ ആഗോളീയ വേഷഭൂഷാധികള്‍ അവര്‍ക്ക് തടസ്സമാവുന്നില്ല. ആ വേഷം മലയാളിത്തം കൈവരിച്ച് കഴിഞ്ഞു എന്നതാണ് ഇപ്പോഴത്തെ സുസ്ഥിതി.
തീവ്ര ഇടതുപക്ഷക്കാരനായ മുഖ്യമന്ത്രി പരമ്പരാഗത ഇസ്‌ലാമിന്റെ ഏറ്റവും വലിയ മലയാള വേദിയായ സമസ്തയുടെ സമാദരണീയ അധ്യക്ഷനെ നേരിട്ട് ക്ഷണിക്കുന്നു. അവരാകട്ടെ, സ്വന്തം അനുയായികളോട് ഇത്തരം രാഷ്ട്രീയ പ്രക്ഷുബ്ധതകളില്‍ പോലും ആത്യന്തിക പരിഹാരം പ്രാര്‍ഥനയും ദൈവികഭക്തിയുമാണെന്ന് വിളിച്ച് പറയുന്നവരാണ്താനും. നാരിയത് സ്വലാതും മാലമൗലീദും സജീവമാക്കണമെന്ന് പരസ്യമായി പറഞ്ഞുകൊണ്ട് തന്നെയാണ് അവര്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തിന് പോവുന്നത്. അതേസമയം, പ്രത്യേക വേഷങ്ങളിലൂടെ ഇസ്‌ലാമിസത്തെ പ്രഘോഷിക്കാത്ത, ട്രഡീഷണല്‍ ഫോക്ലോറുകള്‍ സമരമാര്‍ഗങ്ങളാക്കാത്ത, ഉദാര സ്ത്രീസ്വാതന്ത്ര്യം അനുവദിക്കുന്ന മുസ്‌ലിം സംഘടനകള്‍ പൊതുമതേതര ചര്‍ച്ചകളില്‍ പലപ്പോഴും അംഗത്വം കിട്ടാതെ വീരവാദങ്ങളില്‍ അഭയം തേടേണ്ടി വരുന്നു. സത്യത്തില്‍ നേരെ മറിച്ചല്ലേ സംഭവിക്കേണ്ടത്? ഉത്തരമിതാണ്, ഇസ്‌ലാം എങ്ങനെ, എപ്പോള്‍, എവിടെ പറയണമെന്ന് രണ്ടാമത്തെ വിഭാഗം കൂടുതല്‍ പഠിക്കേണ്ടതുണ്ട് എന്ന് തന്നെ. മലബാര്‍ കലാപകാലത്ത് മുഹിയിദ്ദീന്‍ മാല പാടി തിരൂരങ്ങാടിപ്പള്ളി കാക്കാന്‍ കോഴിക്കോട് വെള്ളയില്‍ മമ്മുവിന്റെ വീട്ടില്‍ നിന്ന് മാപ്പിളമാര്‍ പോയത് പോലോത്ത കഥകള്‍ മലബാര്‍ മാന്വലില്‍ തന്നെയുണ്ട്.
ഗാന്ധിജി കോഴിക്കോട് വന്ന ദിവസം, പ്രഭാഷണം നടത്തിക്കൊണ്ടിരുന്ന സമയത്ത് മഗ്‌രിബ് ബാങ്ക് കൊടുത്തപ്പോള്‍ ഇറങ്ങിപ്പോയി നിസ്‌കരിച്ച് വന്നിട്ട് ബാക്കി തുടര്‍ന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെയും ദേശീയ പ്രസ്ഥാനം നേതാവായി സ്വീകരിച്ചിട്ടുണ്ട്. അദ്ദേഹം പുറത്തിറക്കിയ അല്‍അമീന്‍ പത്രത്തിന്റെ ഒന്നാം പേജില്‍ 'ഒരു ജനതയോടുള്ള വിയോജിപ്പ് അവരോട് അനീതി ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ' എന്ന ഖുര്‍ആന്‍ വചനം അറബിലിപിയില്‍ തന്നെ എന്നും കൊടുത്തിരുന്നു. ഫാതിഹ വിളിയും നൂലിന്മേലൂതി പ്രാര്‍ഥനയും നടത്തുന്ന സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് കോതമംഗലം ക്രിസ്ത്യന്‍ ചര്‍ച്ചുകാര്‍ മഗ്‌രിബ് നിസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ മുസ്വല്ല വിരിച്ച് കൊടുത്തത് വരെ എത്തി നില്‍ക്കുന്നു ആ പാരമ്പര്യം. എന്നിട്ടും ചിലരുടെ 'ലാ ഇലാഹ ഇല്ലല്ലാഹ് ' മാത്രം പ്രശ്‌നവല്‍ക്കരിക്കപ്പെടുന്നതിന്റെ ആത്മവിമര്‍ശനാത്മകമായ ഒറ്റക്കാരണം ഇതാണ്,കെയ്‌റോയിലെ തഹ്‌രീര്‍ ചത്വരത്തില്‍ നിന്ന് കൊണ്ടോട്ടിയിലേക്കുള്ള രാഷ്ട്രീയ ദൂരം മനസ്സിലാക്കാനായില്ല, അത്രതന്നെ.
ഇസ്‌ലാം എന്നാല്‍ ചിലപ്പോള്‍ പ്രത്യക്ഷ ഇസ്‌ലാം അല്ല എന്നതും കൂടി ശരിയാവുന്ന ചില ഘട്ടങ്ങള്‍ ഉണ്ടാവും. ധിക്കാരപൂര്‍വം ആദമിന് സുജൂദ് ചെയ്യാതിരുന്ന പിശാചിന്റെ പക്കല്‍, അവന്‍ കരുതിയാലും ഇല്ലെങ്കിലും ഒരു മതപരമായ ന്യായം ഉണ്ടായിരുന്നു ,'നിനക്കല്ലേ അല്ലാഹുവേ സുജൂദിന് അര്‍ഹതയുള്ളൂ' എന്നതാണത്. നിസ്‌കാരം നല്ലതാണെന്ന് കരുതി ആറ് സമയങ്ങളില്‍ നിര്‍ബന്ധമാണെന്ന് ശഠിച്ചാല്‍ ഇസ്‌ലാമിന് പുറത്താവുന്നത് പോലെയാണത്. പിശാചിനെ എറിയാനെന്ന പേരില്‍ വലിയ വലിയ കല്ലുകള്‍ പെറുക്കി ജംറയില്‍ വന്നവരെ നിരുത്സാഹപ്പെടുത്തി ചരല്‍കല്ലെടുപ്പിച്ച പ്രവാചകന്‍ വിശ്വാസം ആവേശമല്ല, യുക്തിഭദ്രമാവണമെന്നാണ് പഠിപ്പിച്ചത്.
സമരരംഗത്ത് സജീവമായ ചിലരുടെ സംഭാഷണം കേട്ടപ്പോള്‍ തോന്നിയ ഗുണകാംക്ഷ മാത്രമാണീ എഴുത്ത്. അവരുടെ ഇച്ഛാശക്തിയെ, വിശ്വാസവിശുദ്ധിയെ ആദരിക്കുന്നു, ഇഷ്ടപ്പെടുന്നു. പക്ഷെ വിശ്വാസം വര്‍ധിക്കുമ്പോള്‍ ഗാംഭീര്യവും അവധാനതയും നഷ്ടമാവരുത്. 'അല്ലാഹുവിനെ മാത്രമേ പേടിയുള്ളൂ, രക്തസാക്ഷികളുടെ സ്വര്‍ഗമാണ് ലക്ഷ്യം' തുടങ്ങിയ അവരുടെയും മറ്റു ചിലരുടെയും പ്രസ്താവനകള്‍ തെറ്റല്ല. പക്ഷെ ശരിയാവണമെങ്കില്‍ നിബന്ധനകളുണ്ട്. നിങ്ങള്‍ ആരെയാണ് പേടിക്കുന്നത് എന്നതല്ല രംഗഭാഷയുടെ ചോദ്യം. മുസ്‌ലിം ആവല്‍ തന്നെ വിപ്ലവമായി മാറിയ രാഷ്ട്രീയ മതേതര സാഹചര്യത്തിന്റെ ആനുകൂല്യം നഷ്ടപ്പെടാന്‍ മാത്രമേ അത്തരം സംസാരങ്ങള്‍ ഇടയാവുകയുള്ളൂ. അല്ലാഹുവിനെ മാത്രം പേടിക്കുക എന്നതിന്റെ അര്‍ഥം അറിയാതെയാണ് ചിലര്‍ ഗൗരവത്തില്‍ കാണേണ്ടതിനെ സിനിമാറ്റിക്കായി കാണുന്നത്.
അല്ലാഹുവിനെ അനുസരിക്കുക, അവനെ പേടിക്കുക എന്നൊക്കെ പറയുമ്പോള്‍ ഒരു കാര്യം ചിന്തിക്കണം; ഇസ്‌ലാമിക വിശ്വാസ പ്രകാരം അല്ലാഹു സഗുണനാണെങ്കിലും നമുക്ക് സരൂപനല്ല. അമൂര്‍ത്തമാണ് വിശ്വാസം. അപ്പോള്‍ നമ്മുടെ പേടി, അനുസരണം, സ്‌നേഹം തുടങ്ങിയവ ആ വിശ്വാസത്തിന്റെ പ്രതീകങ്ങളോടും മാര്‍ഗങ്ങളോടുമാണുണ്ടാവുക, അതാണ് അല്ലാഹുവിലെത്തുക. കാരണം അല്ലാഹുവിലുള്ള വിശ്വാസം കണ്ടെത്തിയത് മാര്‍ഗങ്ങളിലൂടെയാണ്, ആ വിശ്വാസം ഭൗതികമായി നിലനില്‍ക്കുന്നത് പ്രതീകങ്ങളിലൂടെയാണ്.
പ്രവാചകത്വനിയോഗത്തിന്റെ ആവശ്യം അതാണ്. അഗോചരനായ സ്രഷ്ടാവിനെ അനുഭവമായ പ്രവാചകനിലൂടെ കണ്ടെത്തി, അനുസരിച്ച്, പേടിച്ച് സ്‌നേഹിക്കാന്‍ ആണ് കല്‍പ്പന. അപ്പോള്‍ ആ പറഞ്ഞതൊക്കെ നാം പ്രവാചകനും കൊടുത്തു. നിങ്ങള്‍ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നുവെങ്കില്‍ പ്രവാചകനെ പിന്തുടരുക എന്ന് ഖുര്‍ആന്‍ പറഞ്ഞത് അത് കൊണ്ടാണ്. ഈ ഘട്ടത്തില്‍ അല്ലാഹുവിനെ പേടിക്കാന്‍, വിശ്വസിക്കാന്‍, ഇഷ്ടപ്പെടാന്‍ സൗകര്യം പ്രദാനിക്കുന്ന സാമൂഹിക സാഹചര്യങ്ങളെയും നാം ഇഷ്ടപ്പെടണം, വിശ്വാസത്തിലെടുക്കണം,നഷ്ടപ്പെടുമെന്ന് ഭയക്കണം. ഭയത്തില്‍ നിന്നും പട്ടിണിയില്‍ നിന്നുമുള്ള സുരക്ഷിതത്വമാണ് ആരാധനയുടെയും പ്രബോധനത്തിന്റെയും നിലനില്‍പ്പിനാധാരം എന്ന് സൂറ: ഖുറൈഷ് വിളംബരം ചെയ്യുന്നു. ചുട്ടുപൊള്ളുന്ന ചുറ്റുവട്ടങ്ങള്‍, സാഹചര്യങ്ങളുടെ വരും വരായ്കകള്‍ തുടങ്ങിയവ നന്നായി വിശകലനം ചെയ്യുകയാണ് അല്ലാഹുവിനെ പേടിയുള്ളവര്‍ സമരമുഖത്ത് ചെയ്യേണ്ടത്.അല്ലാതെ 'അല്ലാഹുവിനെ പേടി' വേറൊന്നും പേടിക്കാതിരിക്കാനുള്ള ലൈസന്‍സല്ല.സഹസമൂഹത്തിന്റെ സ്‌നേഹവും ഇഷ്ടവും പിടിച്ചുപറ്റല്‍ മുസ്‌ലിം സമൂഹത്തിന്റെ കടമയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്; ഇന്നുണ്ടാവുന്ന രണ്ടാമത്തെ ഭീകര ആക്രമണം

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-11-01-2024

PSC/UPSC
  •  a month ago
No Image

ഡിവൈഎഫ്ഐ നേതാവിന്‍റെ പിറന്നാളിന് പറക്കോട് ടൗണില്‍ ലഹരിക്കേസ് പ്രതികൾക്കോപ്പം ആഘോഷം; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

'എന്റെ നാട് നല്ല നാട്..' കേരളപ്പിറവി ദിനത്തില്‍ നേപ്പാളില്‍ നിന്നെത്തിയ കുരുന്നിന്റെ വീഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a month ago
No Image

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

National
  •  a month ago
No Image

ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

uae
  •  a month ago
No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  a month ago
No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  a month ago
No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  a month ago
No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  a month ago