പച്ചത്തേങ്ങ; കുറഞ്ഞ വിലയ്ക്ക് വില്‍ക്കേണ്ട ഗതികേടില്‍ കര്‍ഷകര്‍
#ടി.കെ ജോഷി
കോഴിക്കോട്: സംസ്ഥാനത്ത് പച്ചത്തേങ്ങ സംഭരണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തുവെങ്കിലും ഇതുവരെയും സംഭരണം ആരംഭിച്ചില്ല. ഇതിനിടെ പൊതുമാര്‍ക്കറ്റില്‍ തേങ്ങ വില ഇടിഞ്ഞതോടെ സര്‍ക്കാരിന്റെ താങ്ങുവില പ്രഖ്യാപനം നിലനില്‍ക്കുമ്പോഴും കര്‍ഷകര്‍ കുറഞ്ഞ വിലയില്‍ തേങ്ങ വില്‍ക്കേണ്ട ഗതികേടിലാണ്. 27 രൂപ താങ്ങുവില പ്രഖ്യാപിച്ച് കഴിഞ്ഞ ആഴ്ച മുതല്‍ സംസ്ഥാനത്ത് കേരഫെഡ് മുഖേന പച്ചത്തേങ്ങ സംഭരിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. സംഭരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ ആഴ്ച കോഴിക്കോട് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിക്കുകയും ചെയ്തിരുന്നു.
ഉദ്ഘാടനത്തിനു ശേഷം തേങ്ങ വില്‍ക്കാനായി കര്‍ഷകര്‍ ബന്ധപ്പെട്ടപ്പോള്‍ സംഭരണം ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും സാങ്കേതികമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ളതിനാല്‍ ഇനിയും വൈകുമെന്നുമുള്ള വിവരമാണ് ലഭിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലാണ് ആദ്യമായി സംഭരണം ആരംഭിക്കുക. ഇതിനുള്ള ഒരുക്കങ്ങള്‍ കേരഫെഡ് തുടങ്ങിയിട്ടുണ്ട്. ഇവിടെ കര്‍ഷകരില്‍ നിന്നുള്ള സംഭരണം ആരംഭിക്കണമെങ്കില്‍ ഇനിയും ആഴ്ചകള്‍ വേണ്ടി വരുമെന്നാണ് അറിയുന്നത്. മറ്റു ജില്ലകളില്‍ സംഭരണത്തിനുള്ള പ്രാഥമിക നടപടികള്‍ മാത്രമാണ് തുടങ്ങിയത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കൃഷിഭവന്‍ മുഖേന നടത്തിയ പച്ചത്തേങ്ങ സംഭരണം പാളിപ്പോയതിനെ തുടര്‍ന്ന് കേരഫെഡിന് കോടികളുടെ നഷ്ടമുണ്ടായത് ചൂണ്ടിക്കാട്ടി പഴുതടച്ച സംഭരണമാണ് ഇത്തവണ നടത്തുന്നതെന്ന വിശദീകരണം കേരഫെഡ് അധികൃതര്‍ നല്‍കുന്നുണ്ട്. ഇതു കാരണമാണ് സംഭരണം തുടങ്ങാന്‍ വൈകുന്നതെന്നും അവര്‍ വിശദീകരിക്കുന്നു. കര്‍ഷകരില്‍നിന്ന് തേങ്ങ സംഭരിക്കുന്ന സൊസൈറ്റികളുമായുള്ള ധാരണാപത്രം ഒപ്പിട്ടു കഴിഞ്ഞിട്ടില്ല. ഇതിനുശേഷം കേരഫെഡും ഈ സൊസൈറ്റികളും തമ്മില്‍ നെറ്റ്‌വര്‍ക് വഴി ബന്ധിപ്പിക്കണം. ഇതിനെല്ലാം ശേഷമേ സംഭരണം ആരംഭിക്കാനാകൂ. അതേസമയം, തേങ്ങയുടെ വിലയിടിഞ്ഞ സമയത്ത് സംഭരണം നടന്നില്ലെങ്കില്‍ അതുകൊണ്ടുള്ള പ്രയോജനം ലഭിക്കില്ലെന്ന് കര്‍ഷകരും പറയുന്നു. ഇപ്പോള്‍ പച്ചത്തേങ്ങയുടെ വില ഇടിഞ്ഞിരിക്കുകയാണ്. കിലോക്ക് 25ഉം 26ഉം രൂപക്കാണ് കര്‍ഷകര്‍ മാര്‍ക്കറ്റില്‍ തേങ്ങ വില്‍ക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സംഭരണം യാഥാര്‍ഥ്യമായിരുന്നുവെങ്കില്‍ 27 രൂപ താങ്ങുവില കര്‍ഷകര്‍ക്കു ലഭിക്കുമായിരുന്നു.
സംഭരണം ആരംഭിച്ചാലും ഒരു ജില്ലയില്‍ നാമമാത്ര കേന്ദ്രങ്ങളിലൂടെ മാത്രം പച്ചത്തേങ്ങ സംഭരിക്കുന്നതിനാല്‍ ചെറുകിട കര്‍ഷകര്‍ക്ക് വലിയ ഗുണം കിട്ടാനിടയില്ല. സംസ്ഥാനത്ത് ആകെ 200 സൊസൈറ്റികള്‍ മുഖേനയാണ് കേരഫെഡ് പച്ചത്തേങ്ങ സംഭരിക്കുക. ഏറ്റവും കൂടുതല്‍ സംഭരണ കേന്ദ്രമുണ്ടാവുക കോഴിക്കോട് ആയിരിക്കും. 24 കേന്ദ്രങ്ങള്‍ ജില്ലയിലുണ്ടാകും. മറ്റു ജില്ലകളില്‍ ശരാശരി 15 കേന്ദ്രങ്ങളിലൂടെ മാത്രമായിരിക്കും സംഭരണം. കനത്ത കടത്തുകൂലി കൊടുത്ത് തേങ്ങ ഈ സംഭരണ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനേക്കള്‍ ലാഭം കര്‍ഷകര്‍ക്ക് കുറഞ്ഞ വിലക്ക് സമീപത്തുള്ള പൊതുമാര്‍ക്കറ്റില്‍ വില്‍ക്കുന്നതാകും. വില കുറയുമ്പോള്‍ സംഭരണം യാഥാര്‍ഥ്യമാകാതിരുന്നാല്‍ സംഭരണത്തിലൂടെ കേരഫെഡിന് ആവശ്യമായ കൊപ്ര ലഭിക്കുമെന്നതൊഴിച്ചാല്‍ കര്‍ഷകര്‍ക്ക് കാര്യമായ ഗുണമുണ്ടാകില്ലെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."