അവരിൽ നിന്നും എനിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്, അതിനായി വീണ്ടും കാത്തിരിക്കുന്നു: സഞ്ജു
ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര അവസാനിച്ചു കഴിഞ്ഞാൽ ഏഷ്യാ കപ്പാണ് ഇന്ത്യയുടെ മുന്നിലുള്ളത്. സെപ്റ്റംബർ 9 മുതൽ 28 വരെയാണ് ഏഷ്യ കപ്പ് നടക്കുന്നത്. ടൂർണമെന്റിന് യുഎഇയാണ് ആതിഥേയത്വം വഹിക്കുന്നത്. ഇപ്പോൾ ഈ ടൂർണമെന്റിൽ ഇന്ത്യക്കായി കളിക്കാനുള്ള സാധ്യതകളെക്കുറിച്ച് സംസാരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. യുഎയിലെ ആളുകളിൽ നിന്നും തനിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും അത് വീണ്ടും കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നുമാണ് സഞ്ജു പറഞ്ഞത്.
''ഞാൻ അവസാനമായി ഇവിടെ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിച്ചത് അണ്ടർ 19 ലോകകപ്പിലായിരുന്നു, പിന്നീട് ഐപിഎല്ലിലും ഞാൻ ഇവിടെ കളിച്ചിട്ടുണ്ട്. ഇവിടുത്തെ ആളുകളിൽ നിന്ന് എനിക്ക് എപ്പോഴും മികച്ച പിന്തുണയാണ് ലഭിച്ചിട്ടുള്ളത്. അത് വീണ്ടും അനുഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു," സഞ്ജു സാംസൺ പറഞ്ഞു.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയടക്കം എട്ട് ടീമുകൾ ഈ ടൂർണമെന്റിൽ മാറ്റുരയ്ക്കും. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, ആതിഥേയരായ യുഎഇ, ഒമാൻ, ഹോങ്കോംഗ് ചൈന എന്നിവയാണ് മത്സരിക്കുന്ന മറ്റ് ടീമുകൾ. രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ടൂർണമെന്റ് നടക്കുക. 2026ലെ ടി20 ലോകകപ്പിന് മുന്നോടിയായി ടി20 ഫോർമാറ്റിലാണ് മത്സരങ്ങൾ നടക്കുക.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷങ്ങളെ തുടർന്ന്, 2027 വരെ നിഷ്പക്ഷ വേദികളിൽ മാത്രം മത്സരിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായതാണ് യുഎഇയെ വേദിയാക്കാൻ കാരണം. ബിസിസിഐയാണ് ഔദ്യോഗിക ആതിഥേയർ എങ്കിലും, രാഷ്ട്രീയ പിരിമുറുക്കങ്ങൾ മൂലം ടൂർണമെന്റ് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. മെയ് മാസത്തിൽ ഇന്ത്യ-പാക് സൈനിക സംഘർഷം രൂക്ഷമായതും ധാക്കയിൽ നടന്ന എസിസി യോഗത്തിലെ അഭിപ്രായവ്യത്യാസങ്ങളും വേദി സംബന്ധിച്ച് ആശങ്കകൾ ഉയർത്തിയിരുന്നു. എന്നാൽ, ഇന്ത്യൻ അധികൃതർ വീഡിയോ കോൺഫറൻസ് വഴി യോഗത്തിൽ പങ്കെടുത്തതോടെ യുഎഇയിൽ ടൂർണമെന്റ് നടത്താനുള്ള തീരുമാനം ഉറപ്പായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."