സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിന് തിരിച്ചടി; ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനത്തിനുള്ള സ്‌റ്റേ തുടരും
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സിക്കെതിരേ അന്വേഷണം നടത്താന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ച സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി.
മുഖ്യമന്ത്രി, സ്പീക്കര്‍ എന്നിവരെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെടുത്താന്‍ ശ്രമം നടന്നോ എന്ന് അന്വേഷിക്കാനാണ് ജസ്റ്റിസ് വി.കെ മോഹനന്‍ അധ്യക്ഷനായ കമ്മിഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. സ്വര്‍ണക്കടത്ത് കേസ് പ്രധാന പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ് സര്ക്കാര്‍ അന്വേഷണം കമ്മിഷനെ നിയോഗിച്ചത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉദ്യോഗസ്ഥര്‍ക്കെതിരെയായിരുന്നു സര്‍ക്കാരിന്റെ ജുഡീഷ്യല്‍ അന്വേഷണം.
സ്വര്‍ണക്കടത്ത് കേസ് നിലനില്‍ക്കുന്നതുവരെ ഉദ്യോഗസ്ഥര്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. 1952 ലെ കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് പ്രകാരം ഒരു കേന്ദ്ര ഏജന്‍സിക്കെതിരെ സംസ്ഥാന സര്‍ക്കാരിന് കമ്മീഷനെ വെക്കാന്‍ അധികാരമില്ലെന്നും ഈ നിലപാട് മുഖ്യമന്ത്രിയുടെ അധികാരദുര്‍വിനിയോഗമാണെന്നുമാണ് ഇഡി കോടതിയില്‍ വാദിച്ചത്.
എന്നാല്‍, ജുഡീഷ്യല്‍ കമ്മീഷനെതിരായ ഇഡിയുടെ ഹരജി നിലനില്‍ക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇത് തള്ളിയാണ് കോടതി ഇടക്കാല ഉത്തരവിറക്കിയത്.
English summary: Kerala High Court upholds stay on judicial commission appointed by state government to probe central agencies in gold smuggling case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."