എസ്.ഐ.ആറില്‍ അട്ടിമറി; വിതരണം ചെയ്യാതെ ഫോമുകള്‍ വിതരണം ചെയ്തതായി ആപ്പില്‍ രേഖപ്പെടുത്താന്‍ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം അട്ടിമറിക്കപ്പെടുന്നതായുള്ള സൂചനകള്‍ പുറത്ത്. എസ്.ഐ.ആറിന്റെ നടപടിക്രമങ്ങളിലെ പ്രഥമ ഘട്ടമായ എന്യുമറേഷന്‍ ഫോം വിതരണത്തിലാണ് കള്ളക്കളികള്‍ നടക്കുന്നത്. രാജ്യത്ത് 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി നടക്കുന്ന എസ്.ഐ.ആറിലെ എന്യുമറേഷന്‍ ഫോം വിതരണത്തില്‍ ഏറ്റവും പിന്നിലാണ് കേരളം. ഇത് മറികടക്കുന്നതിനായി എന്യുമറേഷന്‍ ഫോം വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാതെ തന്നെ ചെയ്തതായി ആപ്പില്‍ രേഖപ്പെടുത്താനാണ് ബി.എല്‍.ഒമാര്‍ക്ക് ഇന്നലെ ലഭിച്ച നിര്‍ദേശം. ഫോം പിന്നീട് വിതരണം ചെയ്താല്‍ മതിയെന്നും ഇപ്പോള്‍ ആപ്പില്‍ വിതരണം ചെയ്തതായി രേഖപ്പെടുത്താനുമാണ് നിര്‍ദേശം. ഇതോടെ വോട്ടര്‍മാര്‍ക്ക് ലഭിക്കേണ്ട എന്യുമറേഷന്‍ ഫോം ലഭിക്കാതെ വരും.
2025ലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട സംസ്ഥാനത്തെ 2,78,50,855 വോട്ടര്‍മാര്‍ക്കാണ് എന്യുമറേഷന്‍ ഫോം വിതരണം ചെയ്യേണ്ടുന്നത്. ഇതിനായി 24,468 ഉദ്യോഗസ്ഥരെയാണ് ബി.എല്‍.ഒമാരായി നിയോഗിച്ചിരിക്കുന്നത്.
വിതരണം ചെയ്ത ഫോമുകള്‍ വോട്ടര്‍മാര്‍ പൂരിപ്പിച്ച ശേഷം ബി.എല്‍.ഒമാര്‍ തിരികെ വാങ്ങി പരിശോധിച്ച ശേഷം ആപ്പില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നത് അനുസരിച്ചാണ് അടുത്തമാസം ഒമ്പതിന് കരട് പട്ടിക പുറത്തിറക്കുക. ഫോം തിരികെ നല്‍കാത്തവരും ബി.എല്‍.ഒമാര്‍ ഫോം വിതരണം ചെയ്യാത്തവരും പട്ടികയില്‍ നിന്നും പുറത്താകും. വിതരണം ചെയ്യുന്ന എന്യൂമറേഷന്‍ ഫോമുകളുടെ എണ്ണം ദിവസവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധപ്പെടുത്തുന്നുണ്ടെങ്കിലും തിരികെ ലഭിക്കുന്നവയുടെ എണ്ണം പ്രസിദ്ധീകരിക്കുന്നില്ല. ഇതിനെ ആശ്രയിച്ചാകും കരട് പട്ടികയില്‍ നിന്നും പുറത്താകുന്നവരുടെ എണ്ണം. ഇതിന് പുറമെ ബി.എല്‍.ഒമാര്‍ രാഷ്ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തി എന്യുമറേഷന്‍ ഫോമുകള്‍ കൃത്യമായി വിതരണം ചെയ്യാതിരിക്കുകയോ തിരികെ ലഭിക്കുന്ന ഫോമുകളില്‍ കൃത്രിമം കാണിച്ചാലോ കരട് പട്ടികയില്‍ നിന്നും വോട്ടര്‍മാര്‍ പുറത്താകാനുള്ള സാധ്യത കൂടുതലാണ്. പിന്നീട് കരട് പട്ടിക വന്ന ശേഷം പുതിയതായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കേണ്ട അവസ്ഥയുണ്ടാവുകയും ചെയ്യും.
ഫോം വിതരണ കണക്കുകളിലും ദുരൂഹത, ആദ്യ ഒരു കോടി പിന്നിട്ടത് എട്ടാം ദിനത്തില്‍, രണ്ടു കോടിയിലെത്താന്‍ മൂന്ന് ദിവസം മാത്രം!
തിരുവനന്തപുരം: എസ്.ഐ.ആറിന്റെ എന്യൂമറേഷന്‍ ഫോം വിതരണത്തിലെ കണക്കുകളിലും ദുരൂഹത ഉയരുന്നു. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം കേരളത്തില്‍ വിതരണം ചെയ്തത് 1,74,05,932 ഫോമുകളാണ്. അതായത് ആകെ വിതരണം ചെയ്യേണ്ട ഫോമുകളുടെ 62 ശതമാനം. എസ്.ഐ.ആര്‍ നടക്കുന്ന 12 സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ് കേരളം. കേരളത്തേക്കാള്‍ ആറിരട്ടി വോട്ടര്‍മാരുള്ള സംസ്ഥാനങ്ങള്‍ വരെ 90 ശതമാനത്തിനടുത്താണ് ഫോമുകള്‍ വിതരണം ചെയ്തിരിക്കുന്നത്.
ഗോവ, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നൂറുശതമാനമാണ് ഫോം വിതരണം. പട്ടികയില്‍ 80 ശതമാനത്തില്‍ താഴെയുള്ളത് കേരളത്തിന് പുറമെ ഛത്തീസ്ഗഡ് (78.41 ശതമാനം), മധ്യപ്രദേശ്(74.41), ഉത്തര്‍പ്രദേശ് (79.89) സംസ്ഥാനങ്ങളാണ്.
വ്യാഴാഴ്ച വൈകീട്ട് ആറ് മണിക്ക് സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ പുറത്തുവിട്ട കണക്കില്‍ 1,84,57,807 (66.27%) എന്യുമറേഷന്‍ ഫോമുകളാണ് വിതരണം ചെയ്തതായി കാണിച്ചിരിക്കുന്നത്. അതേസമയം, വെള്ളിയാഴ്ച രാവിലെ 10 മണിയായപ്പോഴേക്കും ഫോമുകളുടെ വിതരണം രണ്ട് കോടി പിന്നിട്ടതായി അവകാശപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ രംഗത്തെത്തുകയും ചെയ്തു. വൈകുന്നേരം മൂന്ന് മണിക്ക് 2,09,97,896(75.39%) പേര്‍ക്ക് ഫോം വിതരണം ചെയ്തതായാണ് കണക്ക്.
മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷങ്ങളുടെ വ്യത്യാസമാണ് കണക്കിലുണ്ടായിരിക്കുന്നത്. പുറമെ ഈ മാസം നാലിന് എസ്.ഐ.ആര്‍ ആരംഭിച്ച ശേഷം എട്ടാം ദിനമാണ് എന്യൂമറേഷന്‍ ഫോം വിതരണം സംസ്ഥാനത്ത് ഒരു കോടി പിന്നിട്ടത്. എന്നാല്‍ പിന്നീട് രണ്ടുകോടി പിന്നിടാന്‍ എടുത്തത് വെറും മൂന്ന് ദിവസം മാത്രമാണ്. ആദ്യഘട്ടത്തില്‍നിന്നു വ്യത്യസ്തമായി ഫോം വിതരണം അവസാനഘട്ടത്തിലേക്ക് പോകുമ്പോള്‍ വോട്ടര്‍മാരെ പലരെയും കണ്ടെത്താനുള്ള സാഹചര്യം ദുഷ്‌കരമാകുന്ന അവസ്ഥയില്‍ തന്നെയാണ് കണക്കുകള്‍ കുതിച്ചുയരുകയും ചെയ്തിരിക്കുന്നത്.
കേരളത്തിനേക്കാള്‍ എസ്.ഐ.ആറിനെ കുറിച്ച് അവബോധം കുറവുള്ള മറ്റ് സംസ്ഥാനങ്ങളില്‍ എന്യൂമറേഷന്‍ ഫോമുകളുടെ വിതരണത്തിലെ എണ്ണം കുത്തനെ കൂട്ടാന്‍ കേരളത്തില്‍ ഇപ്പോള്‍ നടത്തുന്ന ഫോം വിതരണം ചെയ്യാതെ തന്നെ വിതരണം ചെയ്തതായി കാട്ടിയുള്ള തന്ത്രം പ്രയോഗിച്ചിട്ടുണ്ടോ എന്ന സംശയവും ബലപ്പെടുന്നുണ്ട്.
Serious irregularities have emerged in Kerala’s intensive voter list revision (SIR), especially in the distribution of enumeration forms—the first and crucial step of the process. Kerala, which is the slowest among the 12 states and Union Territories involved in SIR, has allegedly instructed BLOs (Booth Level Officers) to mark forms as “distributed” in the official app even without actually delivering them to voters. Officers were told they could distribute the forms later, but update the app immediately to show progress.This could result in many voters not receiving the mandatory forms, risking their exclusion from the 2025 draft voter list.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."