'സി.പി.എമ്മിലെ സ്ത്രീ ലമ്പടന്മാരെ ആദ്യം മുഖ്യമന്ത്രി നിലക്ക് നിര്‍ത്തട്ടെ' മുഖ്യമന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളെ സ്ത്രീലമ്പടന്മാരെന്ന് പറഞ്ഞ് കടന്നാക്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി രമേശ് ചെന്നിത്തല. സി.പി.എമ്മിലെ സ്ത്രീ ലമ്പടന്മാരെ ആദ്യം മുഖ്യമന്ത്രി നിലക്ക് നിര്‍ത്തട്ടെയെന്നും വീമ്പു പറയുന്നതിന് പരിധിയുണ്ടെന്നും രമേശ് ചെന്നിത്തല തുറന്നടിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുമായി ബന്ധപ്പെടുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യില്‍ വെച്ചിട്ടാണ് മുഖ്യമന്ത്രി വീമ്പു പറയുന്നതെന്നും തങ്ങളെ കൊണ്ട് കൂടുതല്‍ പറയിപ്പിക്കരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
'സ്ത്രീ ലമ്പടന്മാര്‍ക്ക് ഉന്നത പദവി നല്‍കുന്നത് സി.പി.എം ശീലമാണ്. പി.ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി രണ്ടാഴ്ച കയ്യില്‍ വെച്ച മുഖ്യമന്ത്രിയാണ് ഈ വര്‍ത്തമാനം പറയുന്നത്. വീമ്പു പറയുന്നതിന് പരിധിയുണ്ട്'
രാഹുലിനെതിരെ രണ്ടാം പരാതി രാഷ്ട്രീയപ്രേരിതമാണോയെന്ന് എന്നു കോടതി പരിശോധിക്കട്ടെയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സ്ത്രീപീഡനം നടത്തിയവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണ്. ഞങ്ങളുടെ പാര്‍ട്ടിയില്‍ ഇല്ലാത്ത ആളിനെ കുറിച്ച് ഇനിയും എന്താണ് പറയണ്ടേത്? ഇനിയും പരാതി വരാനുണ്ടെന്നു മുഖ്യമന്ത്രി പറയുന്നത് സ്വന്തം പാര്‍ട്ടിക്കാരെ കുറിച്ചാണോ? ഞങ്ങളെ കൊണ്ട് ഒന്നും പറയിക്കരുത്- അദ്ദേഹം പറഞ്ഞു.
പിണറായിക്കെതിരേയും ചെന്നിത്തല ആഞ്ഞടിച്ചു. പാര്‍ട്ടി സെക്രട്ടറിയായപ്പോള്‍ പിണറായി ചെയ്തതടക്കം എന്താണെന്ന് അറിയാം. കെ റെയില്‍ നടക്കില്ലെന്നു മുഖ്യമന്ത്രിക്ക് സ്വയം ബോധ്യപ്പെട്ടു. ആ മഞ്ഞക്കുറ്റി ഇനിയെങ്കിലും പിഴുതുകളയണം. 'എന്‍ പിള്ള' നയം എടുക്കുന്നത് ശരിയല്ല. സ്വന്തം പാര്‍ട്ടിക്കാരാണെങ്കില്‍ പരാതി അലമാരയില്‍ വെച്ച് പൂട്ടുന്നതാണ് മുഖ്യമന്ത്രിയുടെ ശീലമെന്നും രമേശ് ചെന്നിത്തല തുറന്നടിച്ചു.
കോണ്‍ഗ്രസിലെ സ്ത്രീ ലമ്പടന്മാര്‍ എന്താണ് കാട്ടിക്കൂട്ടുന്നതെന്നും ലൈംഗിക വൈകൃത കുറ്റവാളികളെ വെല്‍ ഡ്രാഫ്റ്റഡ് എന്ന് പറഞ്ഞ് ന്യായീകരിച്ചാല്‍ ജനം തള്ളികളയുമെന്നുമായിരുന്നു വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ പ്രതികരണം. വോട്ട് ചെയ്യാനെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.
ramesh chennithala issued a sharp response to the chief minister, saying he should first address allegations of misconduct within the cpm before making accusations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."