സമസ്തയെ ജനകീയ പ്രസ്ഥാനമാക്കിയ എന്‍ അബ്ദുല്ല മുസ്‌ലിയാര്‍ പൂന്താവനം
1917 ല്‍ പെരിന്തല്‍മണ്ണ താലൂക്കിലെ പറമ്പൂര്‍ പൂന്താവനത്താണ് അബ്ദുല്ല മുസ്‌ലിയാര്‍ ജനിക്കുന്നത്. നെടിയേട്ടത്ത് കുഞ്ഞലവി ഹാജി പിതാവും മദാരി പാത്തുട്ടി മാതാവുമാണ്. പട്ടിക്കാട്, മേല്‍മുറി തുടങ്ങിയ സ്ഥലങ്ങളിലെ ദര്‍സ് വിദ്യാഭ്യാസത്തിന് ശേഷം 1943 ല്‍ വെല്ലൂരില്‍ നിന്ന് ബാഖവി ബിരുദം നേടി. മതിലകം കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, കെ.ടി ഇബ്രാഹീം മുസ്‌ലിയാര്‍, മൗലാന അബ്ദുല്‍ ഖാദര്‍ ഫള്ഫരി, എ.പി കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, ശൈഖ് അബ്ദു റഹീം ഹസ്രത്ത്, ശൈഖ് മഖ്ദൂം ഹസ്രത്ത് എന്നിവരാണ് പ്രധാന ഗുരുനാഥന്മാര്‍. പാണ്ടിക്കാടിനടുത്ത കൊടശ്ശേരി, നിലമ്പൂര്‍, ആനക്കയം, കൊടിഞ്ഞി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ മുദരിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1959 ല്‍ സുന്നി യുവജന സംഘം പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ടത് എന്‍ അബ്ദുല്ല മുസ്‌ലിയാരായിരുന്നു. എസ്.വൈ.എസ് ന് ഭരണഘടന തയ്യാറാക്കിയതും സമസ്തയുടെ കീഴ്ഘടമായി അംഗീകരിച്ചതും മഹാനവര്‍കള്‍ അദ്ധ്യക്ഷ പദവി വഹിക്കുന്ന കാലത്താണ്. സമസ്തയെ ജനകീയ പ്രസ്ഥാനമാക്കുന്നതില്‍ ഏറെ പങ്കുവഹിച്ച മഹാനാണ് പൂന്താവനം എന്‍ അബ്ദുല്ല മുസ്‌ലിയാര്‍. ഒരു കാലത്ത് സുന്നത്ത് ജമാഅത്തിന്റെ പ്രഭാഷണ വേദിയിലെ അതുല്ല്യ സാന്നിധ്യമായിരുന്നു മഹാനവര്‍കള്‍. 1954 ല്‍ സമസ്തയുടെ 20-ാം വാര്‍ഷിക സമ്മേളനത്തിലെ മുഖ്യ പ്രഭാഷകനായിരുന്നു മഹാന്‍. കെ.വി മുഹമ്മദ് മുസ്‌ലിയാരുടെയും എന്‍. അബ്ദുല്ല മുസ്‌ലിയാരുടെയും വഅളുണ്ടെന്ന് കേട്ടാല്‍ പണ്ഡിതന്മാരടക്കമുള്ളവര്‍ തിങ്ങിനിറയുന്ന അവസ്ഥാവിശേഷം നിലനിന്നിരുന്നു.
1954 ഫെബ്രുവരി 6 ന് ഖുതുബി മുഹമ്മദ് മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗമാണ് എന്‍. അബ്ദുല്ല മുസ്‌ലിയാരെ മുശാവറയിലേക്ക് തെരെഞ്ഞെടുത്തത്. അല്‍ ബയാന്റെ സഹ പത്രാധിപരായും ആ യോഗം മഹാനെ നിയമിച്ചു. ജാമിഅ നൂരിയ്യയുടെ സംസ്ഥാപനത്തിലും വളര്‍ച്ചയിലും അബ്ദുല്ല മുസ്‌ലിയാരുടെ പങ്ക് വലുതാണ്. രൂപീകരണം മുതല്‍ മരണം വരെ ജാമിഅയുടെ പ്രവര്‍ത്തക സമിതി മെമ്പറായിരുന്നു ജാമിഅയുടെ പരീക്ഷാ ബോര്‍ഡ് ചെയര്‍മാനായും സേവനം ചെയ്തു.
തന്റെ ഗുരുവും സമസ്തയുടെ സ്ഥാപക വൈസ് പ്രസിഡണ്ട് മാരില്‍ ഒരാളുമായിരുന്ന അബ്ദുല്‍ ഖാദിര്‍ ഫള്ഫരിയുടെ മകള്‍ റാബിഅയെയാണ് വിവാഹം ചെയ്തത്. സന്താനങ്ങളിലും സമസ്തയുടെ കീഴ്ഘടങ്ങളെയും ജീവസുറ്റതാക്കാന്‍ വേണ്ടി കഠിനമായി പ്രയത്‌നിച്ച മഹാനവര്‍കള്‍ 1979 സെപ്തംബര്‍ 23 ന് വഫാത്തായി. പറമ്പൂര്‍ പൂന്താവനം ജുമുഅത്ത് പള്ളിക്ക് സമീപം അന്ത്യവിശ്രമം കൊള്ളുന്നു.
N. Abdullah Musliyar was a renowned Samastha leader, SYS President, Islamic scholar and powerful orator who played a key role in drafting the SYS constitution and strengthening Sunni movement in Kerala.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."