ഇന്ദ്രജാലത്തിന്റെ അത്ഭുതലോകം ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി തുറക്കുന്നു
തിരുവനന്തപുരം: അമ്പരപ്പിന്റെ വര്‍ണക്കുടകളും വിസ്മയപ്പൂക്കളും വിരിയിക്കാന്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് അവസരമൊരുക്കുന്ന ഇന്ദ്രജാല പരിശീലന പരിപാടിക്ക് ഇന്ന് തുടക്കമാകും.
പൂജപ്പുര മാജിക് അക്കാദമിയില്‍ രാവിലെ 10ന് ആരോഗ്യസാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ സാന്നിദ്ധ്യത്തിലാണ് പരിശീലനത്തിന് തുടക്കമാകുന്നത്.
മാജിക് അക്കാദമിയും കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷനും സ്റ്റേറ്റ് ഇന്‍ഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റീസും സംയുക്തമായി സഹകരിച്ചുകൊണ്ട് ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന എംപവര്‍ പദ്ധതിയുടെ ഭാഗമായാണ് സൗജന്യ ഇന്ദ്രജാല പരിശീലനം സംഘടിപ്പിക്കുന്നത്.
ചടങ്ങില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളായ ഡോ. എല്‍.ആര്‍ മധൂജന്‍, ഡോ. അശ്വതി, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ പ്രോജക്ട് ഡയറക്ടര്‍ ഡോ. ബി.മുഹമ്മദ് അഷീല്‍, മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍ ചന്ദ്രസേനന്‍ മിതൃമ്മല പങ്കെടുക്കും. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിട്ടുള്ളത്.
രാവിലെ 10.30ന് ആരംഭിക്കുന്ന ക്ലാസ് ഉച്ചയോടെ സമാപിക്കും. നാലുമാസം നീണ്ടു നില്‍ക്കുന്ന പരിശീലന കളരി ജൂണ്‍ 6ന് അവസാനിച്ച് 7ന് സാമൂഹ്യ സാഹിത്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ഇന്ദ്രജാല അരങ്ങേറ്റത്തോടെ സമാപിക്കും.
വിവിധ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകള്‍, ബഡ്‌സ് സ്‌കൂളുകള്‍, സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട നാല്‍പ്പതോളം വിദ്യാര്‍ഥികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്.
ഇന്ദ്രജാലത്തിന് പുറമേ വിവിധ അനുബന്ധ കലകളുടെ പരിശീലനവും സംഘടിപ്പിക്കും. സംഗീതവും നൃത്തവും ഇന്ദ്രജാലവും ഇടകലര്‍ത്തിയുള്ള ഇന്ദ്രജാലദൃശ്യ വിരുന്നാണ് നാലുമാസങ്ങള്‍ക്കുശേഷം അവതരിപ്പിക്കുന്നത്.
ലോകത്തിലെ ആദ്യത്തെ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാജിക് ട്രൂപ്പ് ഉണ്ടാക്കുക എന്നതാണ് എംപവര്‍ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് ഭിന്നശേഷിക്കാരായ കുട്ടികളെ കൊണ്ടു വരുന്നതിനും കൂട്ടായ്മയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും സമൂഹത്തിന് അവരോടുള്ള കാഴ്ചപ്പാടില്‍ മാറ്റം വരുത്തുന്നതിനുമായാണ് ഇന്ദ്രജാല വിസ്മയങ്ങള്‍ അവര്‍ക്കായി പകര്‍ന്നു നല്‍കുവാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."