പിഞ്ചുകുഞ്ഞിന്റെ മുഖത്ത് കൈവീശി അടിച്ച സംഭവം: അങ്കണവാടി ടീച്ചർക്കെതിരെ കേസെടുത്ത് പൊലിസ്
തിരുവനന്തപുരം: മൊട്ടമൂട് പറമ്പുക്കോണം അങ്കണവാടിയിൽ രണ്ടേമുക്കാൽ വയസുള്ള പിഞ്ചുകുഞ്ഞിനെ അധ്യാപിക ക്രൂരമായി മർദിച്ച സംഭവത്തിൽ നരുവാമൂട് പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സിഡബ്ല്യുസി) നിർദേശപ്രകാരം ഇന്നലെ രാത്രി ആശുപത്രിയിലെത്തി കുഞ്ഞിന്റെ മാതാവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലിസ് നടപടി. അധ്യാപിക പുഷ്പകലയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ബാലാവകാശ കമ്മീഷൻ ചെയർപേഴ്സണും കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം അറിയിച്ചിരുന്നു.
ബുധനാഴ്ച വൈകുന്നേരമാണ് സംഭവം പുറത്തുവന്നത്. പ്രവീൺ-നാൻസി ദമ്പതികളുടെ മകൾ ഇന പ്രവീണിനെയാണ് (2.75 വയസ്) അങ്കണവാടി അധ്യാപിക പുഷ്പകല മുഖത്ത് കൈവീശി അടിച്ചത്. വൈകിട്ട് കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെ അമ്മ നാൻസി മുഖത്ത് മൂന്ന് വിരൽപ്പാടുകൾ കണ്ടു. കുഞ്ഞ് നിർത്താതെ കരയുന്നത് കണ്ട് ചോദിച്ചപ്പോഴാണ് ടീച്ചർ അടിച്ചതാണെന്ന് വെളിപ്പെടുത്തിയത്. ഉടൻ തൈക്കാട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കർണപുടത്തിലെ സാധ്യമായ തകരാറുകൾ പരിശോധിക്കാൻ എസ്എടി ആശുപത്രി അല്ലെങ്കിൽ മെഡിക്കൽ കോളജ് ഇഎൻടി വിഭാഗത്തിലേക്ക് മാറ്റി. മെഡിക്കൽ പരിശോധനയിൽ ഗുരുതര പ്രശ്നങ്ങൾ ഇല്ലെന്നും അടിയുടെ ആഘാതത്താൽ വേദനയും വീക്കവുമാണുള്ളതെന്നും കണ്ടെത്തി.
അങ്കണവാടിയിലെ മറ്റ് കുട്ടികളുമായി സംസാരിച്ചപ്പോഴും ബന്ധുക്കളുടെ അന്വേഷണത്തിലും പുഷ്പകല ടീച്ചർ മർദിച്ചതായി വ്യക്തമായി. എന്നാൽ, അധ്യാപിക ഇത് നിഷേധിച്ചു. കുട്ടികൾ തമ്മിലുള്ള വഴക്കിനിടെ കടിച്ചതാകാമെന്നാണ് അധ്യാപികയുടെ വാദം. അങ്കണവാടി സഹായി (ആയ)യും അധ്യാപികയുടെ വിശദീകരണത്തോട് യോജിച്ചു. "ഞാൻ ഒരു കുട്ടിയെയും ഉപദ്രവിച്ചിട്ടില്ല," എന്നാണ് പുഷ്പകലയുടെ വിശദീകരണം.
ആശുപത്രി അധികൃതർ ഉടൻ ബാലാവകാശ കമ്മീഷനെയും തമ്പാനൂർ പൊലിസിനെയും വിവരമറിയിച്ചു. സിഡബ്ല്യുസി ഇടപെട്ട് അധ്യാപികയോട് വിശദീകരണം തേടുകയും, വനിതാ ശിശുവികസന വകുപ്പ് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ടീച്ചർക്കെതിരെ വകുപ്പുതല നടപടി ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. "കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കും," എന്ന് ബാലവകാശ കമ്മീഷൻ ചെയർപേഴ്സൺ പ്രതികരിച്ചു.
ഈ സംഭവം അങ്കണവാടികളിലെ കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, ഇത്തരം ക്രൂരതകൾ തടയാൻ കൂടുതൽ നിരീക്ഷണവും പരിശീലനവും ആവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ, കുഞ്ഞിന്റെ ആരോഗ്യനില സാധാരണ നിലയിലാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
Police have registered a case against an anganwadi teacher for allegedly slapping a toddler on the face, following an incident that sparked outrage.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."