അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കുടുംബം ആശുപത്രിയിൽ; മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് 'അമ്മ'യായി കോൺഗ്രസ് വനിതാ നേതാവ്
പുത്തൂർ: കർണാടകയിലെ പുത്തൂരിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ദാരുണമായ അപകടം. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മൂന്ന് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് താങ്ങും തണലുമായി കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ചന്ദ്രപ്രഭ ഗൗഡ എത്തിയ വാർത്ത കർണാടക രാഷ്ട്രീയത്തിലെ വേറിട്ട സംഭവമായി മാറി. മതത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും അതിർവരമ്പുകൾ മാറ്റി നിർത്തി മനുഷ്യത്വം ഉയർത്തിപ്പിടിച്ച ചന്ദ്രപ്രഭയുടെ കാരുണ്യപ്രവൃത്തി തീരദേശ കർണാടകയ്ക്ക് മാത്രമല്ല, നാടിനാകെ മാതൃകയായി.
കഴിഞ്ഞ ഒക്ടോബർ 31 വെള്ളിയാഴ്ച വൈകുന്നേരം 4:30 ഓടെ പുത്തൂരിനടുത്തുള്ള പർപുഞ്ചയ്ക്ക് സമീപമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ നാലര വയസ്സുകാരി ഷാജ്‌വ ഫാത്തിമ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഫാത്തിമയുടെ വല്യുമ്മ ജുലൈക അന്ന് രാത്രി മംഗളൂരുവിലെ ആശുപത്രിയിലും മരണത്തിന് കീഴടങ്ങി.
ഓട്ടോറിക്ഷ ഡ്രൈവറായ ഫാത്തിമയുടെ പിതാവ് ഹനീഫ് ബന്നൂർ, ഉമ്മ, വല്യുമ്മ, മറ്റൊരു കുട്ടിയായ നാദിനി എന്നിവർക്കും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും ഗുരുതരമായി പരുക്കേറ്റു. അപകടവിവരം അറിഞ്ഞ് ഉടൻ സൽമാര നിവാസിയായ ചന്ദ്രപ്രഭ ഗൗഡ ആശുപത്രിയിലേക്ക് ഓടിയെത്തി.
കുഞ്ഞിൻ്റെ ഉമ്മ അബോധാവസ്ഥയിൽ ഐസിയുവിലായതിനാൽ കരയുന്ന പിഞ്ചുകുഞ്ഞിനെ പരിചരിക്കാൻ ആരുമുണ്ടായിരുന്നില്ല. സ്വന്തം കുഞ്ഞിനെപ്പോലെ ചന്ദ്രപ്രഭ ഗൗഡ നെഞ്ചോട് ചേർത്തു. മൂന്ന് മണിക്കൂറോളം കുഞ്ഞിന് പാൽ നൽകുകയും പരിചരിക്കുകയും ചെയ്തു. അടിയന്തരമായി സിടി സ്കാൻ എടുക്കണമെന്ന് മനസ്സിലാക്കിയതോടെ, വേഗത്തിൽ നടപടികൾ സ്വീകരിച്ച് കുഞ്ഞിന് മികച്ച ചികിത്സ ഉറപ്പാക്കിയ ശേഷമാണ് അവർ ആശുപത്രി വിട്ടത്.
വർഗീയ സംഘർഷങ്ങളുടെ പേരിൽ പലപ്പോഴും ചർച്ചയാകുന്ന പ്രദേശമാണ് കർണാടകയിലെ തീരദേശ മേഖല, മതപരവും സാമുദായികവുമായ അതിരുകൾ മാറ്റിവെച്ച് ചന്ദ്രപ്രഭ ഗൗഡ ചെയ്ത കാരുണ്യപ്രവൃത്തി മനുഷ്യത്വത്തിൻ്റെയും ദയയുടെയും സന്ദേശമാണ് കർണാടക രാഷ്ട്രീയത്തിനും സമൂഹത്തിനും നൽകുന്നത്. ഇപ്പോൾ നേതാവിൻ്റെ സ്നേഹസ്പർശത്തെ നാട് ഒന്നടങ്കം അഭിനന്ദിക്കുകയാണ്.
A Congress block vice-president, Chandraprabha Gowda, earned widespread praise for her act of humanity after a tragic car-auto rickshaw accident in Puthur. Two people died in the crash, leaving a three-month-old infant critically injured and separated from its unconscious mother. Gowda immediately rushed to the hospital, canceled her travel plans, and spent three hours looking after the baby "like her own," ensuring it received a CT scan and the best possible medical care. Her selfless act transcended religious and communal boundaries, reminding the region of the importance of compassion.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."